Tue, 12 Mar 2013 20:28:15 +0000
ഇ.പി. കാര്‍ത്തികേയന്‍
സിനിമ നുണയുടെ കലയാണെന്നതു ചിരസമ്മതമായ ഒരഭിപ്രായമാണ്. സംവിധായകന്‍ ജോണ്‍ എബ്രഹാം പക്ഷേ പറഞ്ഞത് തന്റെ കാമറയ്ക്കു നുണ പറയാനാവില്ലെന്നാണ്. ജോണിന്റെ അഭിപ്രായത്തിനു സാമാന്യേന വലിയ സ്വീകാര്യതയുണ്ടായിട്ടില്ല. സമകാലിക ഇന്ത്യന്‍ സിനിമയുടെ രീതിശാസ്ത്രം നുണയുടെ മേല്‍ നുണ പ്രചരിപ്പിക്കുകയെന്നതാണ്. അതു കേവലമായ ഒരു ആയിത്തീരലല്ല. ബോധപൂര്‍വമായ ചിട്ടവട്ടങ്ങളുടെ ചെറിയ അതിര്‍ത്തികളില്‍ തളച്ചിടപ്പെടുന്ന ചരിത്രബോധത്തിന്റെ ഭാഗമാണ്. ചില കാര്യങ്ങള്‍ വിട്ടുപോവുന്നതാണ് അതിന്റെയൊരു രീതി. ചരിത്രത്തെ പരിഹാസ്യമാംവിധം പുനഃസൃഷ്ടിക്കുന്നതും ഇതിന്റെ ഭാഗമാണ്. മലയാളത്തിലെ കമല്‍ എന്ന സംവിധായകന്റെ സെല്ലുലോയ്ഡ് എന്ന സിനിമയാണ് ഇവിടെ പ്രതിപാദ്യം. രചനാപരമായ ചില കൈയടക്കമൊഴിച്ചാല്‍ സിനിമ മൊത്തത്തില്‍ പ്രതിനിധാനം ചെയ്യുന്നതും ഇതിനു തുല്യമായ കാഴ്ചപ്പാടാണ്.
ഡാനിയലിന്റെ ജീവിതം ദുഷ്കരവും അതീവ ദയനീയവുമാക്കിയതില്‍ തിരുവിതാംകൂറിലെ അന്നത്തെ സാമൂഹിക സാഹചര്യങ്ങള്‍ക്ക് എത്രത്തോളം പങ്കുണ്ടായിരുന്നുവെന്ന ഒരന്വേഷണവും ചിത്രത്തിലില്ല. വിഗതകുമാരനിലെ നായികയായ പി.കെ. റോസിയുടെ ജീവിതം പോലെ ഡാനിയലിന്റെ ജീവിതവും തകരുന്നതു സവര്‍ണരുടെ ഇടപെടലിന്റെ ഭാഗമായിട്ടാണ്. ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ എന്ന പത്രപ്രവര്‍ത്തകന്റെ അന്വേഷണത്തില്‍ ഇക്കാര്യം കുറച്ചൊക്കെ കണ്െടത്തിയെങ്കിലും സംവിധായകനുമാത്രം അതത്ര വ്യക്തമായില്ല. സിനിമയിലെങ്കിലും ജാതിയും മതവും വേണ്െടന്ന നിലപാട് റോസിയെന്ന പുലയപ്പെണ്‍കുട്ടിയുടെ കാര്യത്തില്‍ തുടരുന്ന ഡാനിയലിനു ചിത്രം പ്രദര്‍ശിപ്പിക്കുമ്പോള്‍ തുടരാനാവുന്നില്ല. ഇത്രയും സന്ധിചെയ്യാന്‍ ഡാനിയല്‍ മുതിരുമ്പോഴും സമൂഹം അത് അംഗീകരിക്കുന്നില്ല. തൃശൂരിലും ആലപ്പുഴയിലും മറ്റും ചിത്രം പ്രദര്‍ശിപ്പിച്ചപ്പോള്‍ ഉണ്ടായ എതിര്‍പ്പുകളെക്കുറിച്ച് ഡാനിയല്‍ പറയുന്നുണ്ട്. അങ്ങനെ മലയാളത്തിലെ ആദ്യചിത്രം പെട്ടിയില്‍ ഇരിക്കാന്‍ വിധിക്കപ്പെട്ടു. ഒടുവില്‍ ചിത്രത്തിന്റെ പ്രിന്റ് സംരക്ഷിക്കുന്നതിനുപോലും തയ്യാറാവാത്തവിധം തകര്‍ന്നുപോവുന്ന ഡാനിയല്‍ ജീവിക്കാന്‍ ദന്തഡോക്ടറാവുകയായിരുന്നു. സിനിമയോടുതന്നെ വിരക്തിയാവുന്നതിനു കാരണം സവര്‍ണസമൂഹത്തില്‍ നിന്നുണ്ടായ ദുരനുഭവങ്ങളാണ്. ഇക്കാര്യം ഊന്നിപ്പറയാന്‍ സംവിധായകന്‍ മുതിരുന്നില്ല. ഒരു കലാകാരനെ അവന്റെ ജനനത്തോടെ ഇല്ലായ്മചെയ്യുന്നതില്‍ അന്നത്തെ സാമൂഹികാവസ്ഥ വഹിച്ച പങ്കു ചെറുതായിരുന്നില്ല. പി.കെ. റോസിയെന്ന പുലയപ്പെണ്‍കുട്ടിക്കു സ്വജീവിതം നഷ്ടമായതുപോലെത്തന്നെയാണു ഡാനിയലിന്റെ ജീവിതവും ഇല്ലാതാവുന്നത്. രണ്ടിനും കാരണം ജാത്യാധിഷ്ഠിതമായ സാമൂഹികാവസ്ഥതന്നെ. റോസി ഓടിരക്ഷപ്പെടുന്നതോടെ സിനിമയില്‍ നിന്നുതന്നെ നിഷ്കാസിതയാവുകയാണ്. പിന്നെ കഥ മാറി. തികച്ചും വൈയക്തികമായ ഒന്നായി ഡാനിയലിന്റെ കഥ. അവിടെ ചരിത്രം നോക്കുകുത്തിയാണ്. സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടുന്ന റോസിയെന്ന പെണ്‍കുട്ടിയുടെ അവതരണവും നിലവിലെ നായികാസങ്കല്‍പ്പങ്ങളുടെ ഭാഗമാണ്.പാടത്തും പറമ്പിലും പണിയെടുക്കുകയും കൂലി കിട്ടാതിരിക്കുകയും ജീവിതംതന്നെ അരക്ഷിതമായിരിക്കുകയും ചെയ്യുന്ന പുലയസമുദായത്തിലെ അംഗമാണു റോസി. എന്നിട്ടും സിനിമക്കാരിയാവുമെന്ന് അറിയുന്നതോടെ നായിക സ്വപ്നം കാണാന്‍ തുടങ്ങുകയാണ്. അകമ്പടിയായി പാട്ടും മറ്റു ചേരുവകളും. അക്കാലത്തെ ദൃശ്യവല്‍ക്കരിക്കുന്നതില്‍ കമല്‍ വിജയിച്ചിട്ടില്ല. കാരണം, സിനിമ കഴിയുന്നതുവരെ റോസി നായര്‍ പെണ്‍കുട്ടിയാവണമെന്ന ബോധമാണു സംവിധായകനെയും നയിക്കുന്നത്. അക്കാലത്തു ജാതിക്കെതിരായി അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ നടന്ന സമരവും ബ്രിട്ടിഷ് വിരുദ്ധസമരവും കൂടി ചേര്‍ത്തുവായിക്കുമ്പോഴാണു റോസിയുടെ കഥയ്ക്കു മറ്റൊരു തലമുണ്ടാവുന്നത്. ഈ ചിത്രത്തിനു അവലംബമായിട്ടുള്ള നഷ്ടനായിക എന്ന നോവലില്‍ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍, ബ്രിട്ടിഷ് ഭരണത്തെസ്സംബന്ധിച്ച ചില സൂചനകളൊഴിച്ചാല്‍ മറ്റൊന്നുമില്ല. ജാതിപരമായ വിവേചനമെന്നത് ഏതാനും മാടമ്പികളുടെ വ്യക്തിപരമായ പ്രശ്നമാണെന്ന വിചാരവും ഈ സിനിമ മുന്നോട്ടുവയ്ക്കുന്നുണ്ട്. അന്നത്തെ സാമൂഹികാവസ്ഥയുടെ നൃശംസതയെ വരച്ചുകാട്ടുന്നതില്‍ കമല്‍ ഉദാസീനനാവുന്നതുകൊണ്ടാണു ഡാനിയലിന്റെയും റോസിയും ജീവിതം തകര്‍ത്ത സവര്‍ണവ്യവസ്ഥ പോറലേല്‍ക്കാതെ രക്ഷപ്പെടുന്നത്. എങ്കിലും ഡാനിയലിന്റെയും റോസിയുടെയും രക്തസാക്ഷിത്വങ്ങള്‍ പുതിയ തലമുറയ്ക്കു വിശദീകരിക്കുന്നതിനുള്ള തുടക്കമായി സെല്ലുലോയ്ഡിനെ കാണാവുന്നതാണ്.
നായകനായ പൃഥ്വിരാജ് ഡാനിയലാവുന്നതിനും മംമ്താ മോഹന്‍ദാസ് ജാനറ്റാവുന്നതിനും ഏറെ ബുദ്ധിമുട്ടി. അഭിനയത്തെ ശരീരം അതിലംഘിക്കുന്നതായിരുന്നു അവരുടെ പ്രശ്നം. എന്നാല്‍, ചേലങ്ങാട്ട് ഗോപാലകൃഷ്ണനായ ശ്രീനിവാസന്‍ മോശമാക്കിയില്ല. എം. ജയചന്ദ്രന്റെ ഈണമാണു ചിത്രത്തിന്റെ ഒരു മേന്മ. വരികളെഴുതിയ റഫീഖ് അഹമ്മദും ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരനും പഴയകാലത്തെ ഓര്‍മിപ്പിക്കുന്നു. ഛായാഗ്രഹണവും ഭേദം.
http://www.thejasnews.com/index.jsp?tp=det&det=yes&news_id=201302112145755604&

.jpg)

0 comments:
Post a Comment