നഷ്ടനായകന്റെ പുനര്‍ജനി /നിരൂപണം

Thursday, 21 March 2013


Tue, 12 Mar 2013 20:28:15 +0000

 മുഹമ്മദ് ശമീം

 ഒരു കലാസൃഷ്ടിയെന്ന നിലയില്‍ സ്വയം പ്രവര്‍ത്തിക്കുകയായിരുന്നു വിഗതകുമാരന്‍ എന്ന സിനിമ. ഒരുപക്ഷേ, ജെ.സി. ഡാനിയലെന്ന അതിന്റെ സ്രഷ്ടാവിനെത്തന്നെ അമ്പരപ്പിച്ചുകൊണ്ട്, സവര്‍ണ ജാതിമേല്‍ക്കോയ്മയെ വെല്ലുവിളിച്ചുകൊണ്ട് വിഗതകുമാരന്‍ ജ്വലിച്ചുയര്‍ന്നു. അതിനെ പ്രതിരോധിക്കാന്‍ വേണ്ടി എന്തു ചെയ്യാനും അധീശജാതിക്കോമരങ്ങള്‍ തയ്യാറായി. സിനിമയും അതിന്റെ പ്രവര്‍ത്തകരും ബഹിഷ്കരിക്കപ്പെട്ടു. അങ്ങനെ മലയാളക്കരയിലെ ആദ്യത്തെ ചലച്ചിത്രകാരനും നായികാനടിക്കും നാടുവിട്ടോടേണ്ടിവന്നു.
കമല്‍ ഉദ്ദേശിച്ചാലും ഇല്ലെങ്കിലും ജെ.സി. ഡാനിയലിന്റെയും വിഗതകുമാരന്റെയും കഥ അതേ സാമൂഹിക-രാഷ്ട്രീയ ഉള്ളടക്കത്തോടെ മാത്രമേ പുനര്‍ജനിക്കുകയുള്ളൂ. അതുകൊണ്ടാണു സെല്ലുലോയ്ഡ് കമലിന്റെ ഏറ്റവും ശക്തവും പ്രതിബദ്ധവുമായ സിനിമയായിത്തീരുന്നത്. ഈയൊരു സംരംഭത്തിനായി മുന്നോട്ടുവന്നു എന്നതാണ് അദ്ദേഹത്തെ അഭിനന്ദനാര്‍ഹനാക്കിത്തീര്‍ക്കുന്നത്. സിനിമയുടെ രാഷ്ട്രീയത്തെയും അതിന്റെ കരുത്തിനെയും പറ്റി സെല്ലുലോയ്ഡില്‍ ജെ.സി. ഡാനിയല്‍ ഇങ്ങനെ പറയുന്നുണ്ട്: "കീഴ്ജാതിയെ മേല്‍ജാതിയാക്കാന്‍ മാത്രമല്ല, മേല്‍ജാതിയെ കീഴ്ജാതിയാക്കാനും സിനിമയ്ക്കു കഴിയും.''

ആദ്യകാലത്ത് ഇന്ത്യന്‍ സിനിമ പുരാണകഥയോ രാജചരിതമോ മാത്രമേ പറഞ്ഞിരുന്നുള്ളൂ. രാജാ ഹരിശ്ചന്ദ്ര മുതല്‍ ഇന്ത്യന്‍ സിനിമയുടെ അഗ്രഗാമിയായ ധുണ്ഡിരാജ ഗോവിന്ദ ഫാല്‍ക്കേ എന്ന ദാദാസാഹിബ് ഫാല്‍ക്കേയും തമിഴകത്ത് ആര്‍. നടരാജ മുതലിയാരും അനുവര്‍ത്തിച്ചിരുന്ന സമ്പ്രദായം ഇതായിരുന്നു. എന്നാല്‍, പ്രമേയത്തിന്റെ കാര്യത്തില്‍ മറ്റൊരു തിരഞ്ഞെടുപ്പു നടത്തി ജെ.സി. ഡാനിയല്‍ ചരിത്രം സൃഷ്ടിച്ചു. ഒരു സോഷ്യല്‍ ഡ്രാമ. അതിനു പ്രചോദകമായത് ചാപ്ളിന്‍ സിനിമകളും.
ചാപ്ളിന്‍ സിനിമയെപ്പറ്റി പറഞ്ഞപ്പോള്‍ "അതു സായിപ്പിന്റെ സിനിമയല്ലേ, നമുക്കു മിശിഹാചരിത്രം പോരേ'' എന്നു സംശയിച്ച സുഹൃത്ത് ജാന്‍സനോടുള്ള ഡാനിയലിന്റെ പ്രതികരണം "അതും സായിപ്പിന്റെ കഥ തന്നെയല്ലേ'' എന്നായിരുന്നു. ഒരര്‍ഥത്തില്‍ പറഞ്ഞാല്‍ ക്രിസ്തുചരിത്രത്തിന്റെ പാശ്ചാത്യവായനയാണല്ലോ നമുക്കു ശീലം. പ്രമേയസ്വീകരണത്തിന്റെ കാര്യം മുതല്‍തന്നെ ഡാനിയല്‍ നടപ്പുരീതികളോടു വിയോജിച്ചുതുടങ്ങിയെന്നര്‍ഥം. (നായികയായി അഭിനയിക്കാന്‍ അദ്ദേഹം ആദ്യം കണ്െടത്തിയ ബോംബെക്കാരി നടി ആദ്യം ചോദിച്ചത് റോള്‍ ഗോഡസിന്റേതാണോ ക്വീനിന്റേതാണോ എന്നായിരുന്നു. ഒരു സോഷ്യല്‍ ഡ്രാമയാണെടുക്കുന്നത് എന്നു കേട്ടപ്പോള്‍ അഹങ്കാരിയായിരുന്ന ആ പെണ്ണ് ആദ്യം പ്രതിഷേധിച്ചു. അവളെ ഒഴിവാക്കേണ്ടിവന്നു പിന്നീട്).

ഫാല്‍ക്കേയുടെയും നടരാജ മുതലിയാരുടെയും സെറ്റുകളില്‍ ചെന്നും മറ്റും സിനിമയെന്താണെന്നു പഠിച്ച ശേഷമാണു ഡാനിയല്‍ നിര്‍മാണത്തിനിറങ്ങിയത്. നായികയ്ക്കു വേണ്ടിയുള്ള അന്വേഷണം ചെന്നെത്തിയതു റോസമ്മയില്‍. ക്രിസ്തുമതത്തിലേക്കു പരിവര്‍ത്തനം ചെയ്ത പുലയകുടുംബത്തിലെ അംഗമാണു റോസമ്മ. കലാഭിമുഖ്യമുള്ള അച്ഛന്റെ പിന്തുണയോടെ അവള്‍ കാക്കാരിശ്ശി നാടകം പഠിച്ചിട്ടുണ്ട്. അവളുടെ ആശാന്‍ അയ്യങ്കാളി സൂക്തങ്ങളുരുവിടാറുള്ള പരിവര്‍ത്തനവാദിയുമാണ്. ആശാന്റെയും കൂടി പ്രേരണയിലാണ് അവള്‍ അഭിനയിക്കാന്‍ സമ്മതിച്ചത്. റോസമ്മ, പി.കെ. റോസിയായതങ്ങനെയാണ്.

അന്നത്തെ ജാതിചിന്തയുടെ ഭീകരത കമല്‍ അനുഭവിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്തുതന്നെയായാലും സവര്‍ണജാതി മേല്‍ക്കോയ്മയ്ക്കെതിരായ അമര്‍ഷം പ്രേക്ഷകനില്‍ ചിത്രം സൃഷ്ടിക്കുന്നുമുണ്ട്. ഉച്ചനീചത്വത്തെ നിലനിര്‍ത്താന്‍ ശ്രമിക്കുന്ന പഴയതും പുതിയതുമായ രാജ-ജനാധിപത്യ ഭരണകൂടങ്ങളെയും കമലിന്റെ തിരക്കഥ പരാമര്‍ശിക്കുന്നു. മതംമാറിയെങ്കിലും റോസമ്മ ഇപ്പോഴും പുലയി തന്നെയെന്നു ജന്മി. കാരണം, ഈ നാട് ഈസ്റിന്ത്യാ കമ്പനിയുടേതല്ല, പൊന്നുതമ്പുരാന്റേതാണ്. അന്നു സമൂഹത്തില്‍ മാന്യസ്ഥാനമുണ്ടായിരുന്ന ആളുകളും ജാതിചിന്തയില്‍നിന്നു മുക്തരായിരുന്നില്ല. പ്രശസ്ത വക്കീലായിരുന്ന മള്ളൂര്‍ ഈ വിഭാഗത്തിന്റെ പ്രതിനിധിയായി സിനിമയില്‍ വരുന്നു. വ്യവസ്ഥ മാറിയെങ്കിലും നമ്മുടെ മനോഗതിയില്‍ മാറ്റമുണ്ടായില്ല. (ബുദ്ധനെയും മഹാവീരനെയുമൊക്കെ തോല്‍പ്പിച്ച നാടാണല്ലോ നമ്മുടേത്). ജനാധിപത്യത്തിനും ആധുനിക വിദ്യാഭ്യാസത്തിനുമൊന്നും നമ്മുടെ ജാതിചിന്തയെ അതിജയിക്കാനായില്ല, ആവുകയുമില്ല. ഇതും സിനിമ പറയുന്നുണ്ട്.

ജെ.സി. ഡാനിയലിന്റെ ചരിത്രം പുറത്തെടുത്തു ലോകത്തെ അറിയിക്കാന്‍ ശ്രമിച്ചത് ചേലങ്ങാട് ഗോപാലകൃഷ്ണനെന്ന പത്രപ്രവര്‍ത്തകനാണ്. ഇതുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ക്ക് ഔദ്യോഗിക പിന്തുണ കിട്ടിയില്ല. അന്നത്തെ കള്‍ച്ചറല്‍ സെക്രട്ടറിയായിരുന്ന മലയാറ്റൂര്‍ രാമകൃഷ്ണന്‍ അദ്ദേഹത്തോടു ചോദിച്ചത് "ഈ നാടാരുടെ കാര്യത്തില്‍ തനിക്കെന്താ ഇത്ര താല്‍പ്പര്യം'' എന്നായിരുന്നു. (സിനിമയില്‍ മലയാറ്റൂരിന്റെ പേര് എം. രാമകൃഷ്ണ അയ്യര്‍ ഐ.എ.എസ് എന്നാണ്.     അതായിരുന്നു അദ്ദേഹത്തിന്റെ ഔദ്യോഗിക നാമം). ചേലങ്ങാടന് കാര്യം മനസ്സിലായി. ബ്രാഹ്മണനായ ടി.ആര്‍. സുന്ദരമാണല്ലോ അതുവരെ മലയാള സിനിമയുടെ പിതാവ്. ആ സ്ഥാനത്ത് ഒരു നാടാര്‍ ക്രിസ്ത്യാനി വരുന്നതെങ്ങനെ സഹിക്കും! സാംസ്കാരിക വകുപ്പിന്റെ ചുമതലയുള്ള അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന്റെ നിസ്സഹകരണത്തിന്റെ കാര്യവും ചേലങ്ങാടന്റെ പുസ്തകത്തില്‍ പറയുന്നുണ്െടങ്കിലും മുഖ്യമന്ത്രിയുടെ പേര് സെല്ലുലോയ്ഡില്‍ പരാമര്‍ശിച്ചിട്ടില്ല. 'അയ്യര്‍'ക്കു സവര്‍ണതയുടെ ഒരു കീഴ്വായു ഇടയ്ക്കു പുറപ്പെടാറുണ്െടന്നു ചിത്രത്തില്‍ വയലാര്‍ രാമവര്‍മ പറയുന്നുണ്ട്.

കീഴ്ജാതിക്കാരി സവര്‍ണസ്ത്രീയായി അഭിനയിച്ചതിന്റെ പേരില്‍ ജാതിക്കോമരങ്ങള്‍ കാപ്പിറ്റോള്‍ തിയേറ്ററിനകത്ത് ഉറഞ്ഞുതുള്ളുമ്പോള്‍, താന്‍ അഭിനയിച്ച പടം കാണുന്നതില്‍നിന്ന് അയിത്തം കല്‍പ്പിച്ചു വിലക്കപ്പെട്ട റോസി പുറത്തുനിന്നു കരഞ്ഞു. അക്രമാസക്തരായ മാടമ്പിമാര്‍ അവളുടെ ജീവിതത്തെ പിന്തുടര്‍ന്നു. അച്ഛനെ തല്ലിച്ചതച്ചു. കുടില്‍ ചുട്ടെരിച്ചു. ഭയന്നുവിറച്ചു പലായനം ചെയ്ത അവള്‍ എങ്ങോട്ടോ ഓടിപ്പോയി. ചേലങ്ങാടനും ഡാനിയലും തമ്മിലുള്ള സംഭാഷണത്തില്‍ ചില ഊഹാപോഹങ്ങളെക്കുറിച്ച പരാമര്‍ശം വരുന്നുണ്ട്. റോസിയുടെ ജീവിതത്തെ ആധാരമാക്കി വിനു അബ്രഹാം രചിച്ച നഷ്ടനായിക എന്ന നോവല്‍ സിനിമയുടെ മുഖ്യാവലംബമാണെങ്കിലും കമല്‍ മുഖ്യമായും പറയുന്നത് ഡാനിയലിന്റെ കഥയാണ്. തല്‍ക്കാലം റോസി അതിലൊരു കഥാപാത്രമായി മാത്രമേ വരുന്നുള്ളൂവെങ്കിലും റോസമ്മയായി പ്രത്യക്ഷപ്പെടുന്നതു മുതല്‍ അവളുടെ സാന്നിധ്യം ഉടനീളം അനുഭവപ്പെടുന്നു.

ചേലങ്ങാട്ടിന്റെ പരിശ്രമം ഒടുവില്‍ വിജയം കണ്ടത് ഡാനിയലിന്റെ മരണശേഷം മാത്രം. അതങ്ങനെത്തന്നെ സംഭവിക്കുമെന്നും അതാണല്ലോ നമ്മുടെ പതിവ് എന്നും അദ്ദേഹം കള്‍ചറല്‍ സെക്രട്ടറിയോടു ചോദിക്കുന്നുമുണ്ട്. ആരുമറിയാതെ ദാരിദ്യ്രത്തിന്റെയും രോഗങ്ങളുടെയും പീഡയില്‍ ഇന്നത്തെ തമിഴ്നാട്ടിലെ അഗസ്തീശ്വരത്ത് മഹാനായ ആ കലാകാരന്‍ മരണമടഞ്ഞു. അദ്ദേഹത്തിന്റെ മക്കള്‍ പോലും അദ്ദേഹത്തെ തിരിച്ചറിഞ്ഞത് അതിനുശേഷമാണ്. ഒരു ഫോട്ടോ ഒഴിച്ചാല്‍ വിഗതകുമാരന്റെ ഒരു പ്രിന്റ് പോലും അദ്ദേഹത്തിന്റെ പക്കല്‍ ബാക്കിയുണ്ടായിരുന്നില്ല.

ഡാനിയലിന്റെ സുഹൃത്തായ സുന്ദരേശന്‍ മലയാളത്തിലെ രണ്ടാമത്തെ സിനിമയെടുത്തു- മാര്‍ത്താണ്ഡവര്‍മ. സി.വിയുടെ പുസ്തകം പ്രസിദ്ധീകരിച്ച കമലാലയം ബുക്ഡിപ്പോക്കാര്‍ കേസു കൊടുത്തതിനെത്തുടര്‍ന്ന് അതു കോടതി കണ്ടുകെട്ടി. അയാളുടെ ജീവിതവും അതോടെ തകര്‍ന്നു. ചേലങ്ങാടന്റെ ശ്രമഫലമായി മാര്‍ത്താണ്ഡവര്‍മയുടെ പ്രിന്റ് കണ്െടടുത്ത് നാഷനല്‍ ആര്‍ക്കൈവ്സില്‍ സൂക്ഷിക്കാന്‍ കഴിഞ്ഞു.

പഴയ വിഗതകുമാരനും പുതിയ സെല്ലുലോയ്ഡും സവര്‍ണമനോഗതിക്കും ജാത്യാധീശത്വത്തിനുമെതിരായ ധിക്കാരമാണ്. ധിക്കാരമാണു കലയുടെ കാതല്‍. ഈ ധിക്കാരത്തിന്റെ പക്ഷം ചേര്‍ന്നതിനു ചേലങ്ങാട്ടും വില കൊടുക്കേണ്ടിവന്നിട്ടുണ്െടന്നാണു കാണുന്നത്.


കമ്പോളസിനിമയുടെ ഭാഗമായി മാത്രം നിലകൊണ്ട കമലില്‍ നിന്നു നല്ല സിനിമകളും ഉണ്ടായിട്ടുണ്ട്. എന്നാല്‍, കൃത്യമായ രാഷ്ട്രീയ നിലപാടുള്ളതായിരുന്നില്ല ഒന്നും. ആ നിലയ്ക്ക് കമലിന്റെ ആദ്യത്തെ രാഷ്ട്രീയ സിനിമയായി സെല്ലുലോയ്ഡിനെ വിശേഷിപ്പിക്കാം. ഡാനിയലായി പൃഥ്വിരാജിന്റെ പ്രകടനം മികച്ചതായിരുന്നു. റോസിയെ ശക്തമാക്കാന്‍ ചാന്ദ്നിക്കും സാധിച്ചു. ശ്രീനിവാസന്‍ ചേലങ്ങാടനായും ശ്രീജിത്ത് രവിയും ടി.ജി. രവിയും സുന്ദരേശനായും വരുന്നു. എന്തായാലും ജെ.സി. ഡാനിയലിനും പി.കെ. റോസിക്കും മഹത്തരമായ ശ്രദ്ധാഞ്ജലിയൊരുക്കിയതിന്റെ പേരില്‍ കമലിനോട് മലയാളസിനിമ എന്നും കടപ്പെട്ടിരിക്കും.


http://www.thejasnews.com/index.jsp?tp=det&det=yes&news_id=201302112145753689&

0 comments:

Post a Comment