ഹലീമാബീവി പ്രഥമ മുസ്ലിം പത്രാധിപ /ചരിത്രം

Thursday, 21 March 2013


Tue, 12 Mar 2013 20:28:15 +0000

അബ്ദുര്‍റഹ്്മാന്‍ മാങ്ങാട്

  അക്ഷരങ്ങളുടെ ലോകം മുസ്്ലിം സ്ത്രീക്ക് അന്യമായിരുന്ന കാലത്ത് പത്രപ്രവര്‍ത്തനരംഗത്തേക്കു കടന്നുവന്നു പത്രാധിപസ്ഥാനത്തേക്കുയര്‍ന്ന ധീരവനിതയാണു ഹലീമാബീവി. കേരള പത്രപ്രവര്‍ത്തന ചരിത്രം അവരെ വിസ്മരിച്ചെങ്കിലും കേരള മുസ്്ലിം നവോത്ഥാനചരിത്രം ഒരിക്കലും അവരെ അവഗണിക്കരുതായിരുന്നു.

1918ല്‍ അടൂരിലെ ഒരു പുരോഗമന മുസ്്ലിം കുടുംബത്തില്‍ ജനനം. പീര്‍ മുഹമ്മദ് സാഹിബ്, മൈതീന്‍ബീവി എന്നിവരായിരുന്നു മാതാപിതാക്കള്‍. പിതാവ് വളരെ ചെറുപ്പത്തില്‍ മരിച്ചു. ഏഴു മക്കളുടെ മാതാവായ മൈതീന്‍ബീവി സമുദായത്തിന്റെ സര്‍വവിധ എതിര്‍പ്പുകളും അവഗണിച്ചു കുട്ടികള്‍ക്കു സ്കൂള്‍ വിദ്യാഭ്യാസം നല്‍കി.
സ്കൂള്‍ പഠനകാലത്തു തന്റെ നാട്ടില്‍ നടന്ന ഒരു മതപ്രസംഗത്തില്‍നിന്നുള്ള ഏതാനും വരികള്‍ അവര്‍ ഇങ്ങനെ രേഖപ്പെടുത്തുന്നു: "മുസ്്ലിം സ്ത്രീകള്‍ കൈയെഴുത്തു പഠിക്കരുത്. അവരെ മാളികമുകളില്‍ താമസിപ്പിക്കരുത്. അവരെ സൂറത്തുന്നൂറും നൂല്‍നൂല്‍പ്പും പഠിപ്പിച്ചാല്‍ മതി. ഇതാണ് ഇസ്ലാമിന്റെ വിധി. ഇതിനു വിപരീതമായി പ്രവര്‍ത്തിക്കുന്നവര്‍ ഇസ്ലാംമതത്തിനു പുറത്താണ്. ഇസ്്ലാമിന്റെ കല്‍പ്പന മാനിക്കാതെ കാഫിരിച്ചികളെപ്പോലെ പള്ളിക്കൂടത്തില്‍ പഠിക്കാന്‍ പോവുന്ന പഹച്ചികളെല്ലാം നരകത്തിലാണ്. അവര്‍ക്കു പാത്തുമ്മാബീവി നാച്ചിയാരുടെ ശഫാഅത്ത് കിട്ടുകയോ അവര്‍ സുബര്‍ക്കത്തില്‍ കടക്കുകയോ ഇല്ല'' (എം.ഇ.എസ്. സുവനീര്‍ 1965: ശിഥിലചിന്തകള്‍, എം. ഹലീമാബീവി).

സ്കൂള്‍ പഠനത്തിനു പോവുന്ന പെണ്‍കുട്ടികളെ വഴിയില്‍ വച്ച് അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുകയെന്നതു നിത്യസംഭവമായിരുന്നു. ഈ ഘട്ടത്തിലാണു ഹലീമാബീവിയുടെ മാതാപിതാക്കള്‍ തങ്ങളുടെ എല്ലാ കുട്ടികളെയും സ്കൂള്‍ പഠനത്തിനയച്ചിരുന്നത്. അടൂര്‍ സ്കൂളിലായിരുന്നു വിദ്യാഭ്യാസം. 17ാം വയസ്സില്‍ പ്രമുഖ ഇസ്്ലാമിക പണ്ഡിതനും വക്കം മൌലവിയുടെ ശിഷ്യനുമായ കെ.എം. മുഹമ്മദ് മൌലവി അവരെ വിവാഹം ചെയ്തു. കേരളത്തിലെ എല്ലാ സമുദായങ്ങളിലും ശൈശവവിവാഹം നടമാടിയിരുന്ന കാലമായിരുന്നു അത്. വിവാഹത്തെ തുടര്‍ന്നു താമസം തിരുവല്ലയിലേക്കു മാറ്റി. അവിടെ വച്ചാണു ഹലീമാബീവി പൊതുപ്രവര്‍ത്തനവും പത്രപ്രവര്‍ത്തനവും ആരംഭിക്കുന്നത്. മജീദ് മരക്കാരുടെ നേതൃത്വത്തില്‍ പെരുമ്പാവൂരില്‍നിന്നു പ്രസിദ്ധീകരിച്ചിരുന്ന അന്‍സാരി മാസികയുടെ പത്രാധിപരായിരുന്നു അന്നു മൌലവി. മുസ്്ലിം സ്ത്രീകളുടെ പുരോഗതി ലക്ഷ്യമാക്കി ഒരു മാസിക ആരംഭിക്കണമെന്നതു മൌലവിയുടെ ദീര്‍ഘകാലമായ ആഗ്രഹമായിരുന്നു. തദാവശ്യാര്‍ഥം അന്‍സാരി മാസികയിലൂടെ ഹലീമാബീവി പത്രപ്രവര്‍ത്തനത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചു.

1938ല്‍ തിരുവല്ലയില്‍നിന്നു മുസ്ലിം വനിത എന്ന പേരില്‍ ഒരു മാസിക ആരംഭിച്ചു. ഹലീമാബീവിയായിരുന്നു അതിന്റെ മാനേജിങ് എഡിറ്റര്‍. ബാലാരിഷ്ടതകള്‍ അതിജീവിക്കാന്‍ മാസിക വളരെ പാടുപെട്ടുവെങ്കിലും മുസ്്ലിം സ്ത്രീകളുടെ ഉന്നമനമെന്ന ലക്ഷ്യത്തിലേക്കത് ഏറെ ശ്രദ്ധേയമായ കാല്‍വയ്പുകള്‍ നടത്തി. യാഥാസ്ഥിതിക വിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പുകളും നേരിടേണ്ടിവന്നു. സാമ്പത്തിക പ്രയാസങ്ങള്‍ തരണം ചെയ്യാന്‍ പരമാവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും പിടിച്ചുനില്‍ക്കാനായില്ല. തല്‍ക്കാലം മാസികയുടെ പ്രവര്‍ത്തനം നിര്‍ത്തേണ്ടിവന്നു. 1970ല്‍ ആധുനിക വനിതയെന്ന പേരില്‍ മാസിക വീണ്ടും ആരംഭിച്ചു.

പത്രപ്രവര്‍ത്തനം ഒരു ആവേശമായി മാറിയ ബീവി 1946ല്‍ ഭാരതചന്ദ്രിക എന്ന പേരില്‍ ഒരു ആഴ്ചപ്പതിപ്പിനു രൂപം നല്‍കി. മാനേജിങ് ഡയറക്ടറായ ഹലീമാബീവിക്കു പ്രഗല്‍ഭരായ മൂന്ന് സബ് എഡിറ്റര്‍മാരുണ്ടായിരുന്നു. വൈക്കം മുഹമ്മദ് ബഷീര്‍, വക്കം അബ്ദുല്‍ ഖാദര്‍, വെട്ടൂര്‍ രാമന്‍നായര്‍ എന്നിവരായിരുന്നു അവര്‍. സാഹിത്യവിഷയങ്ങള്‍ക്കായിരുന്നു ആഴ്ചപ്പതിപ്പില്‍ മുന്‍തൂക്കം നല്‍കിയിരുന്നത്. ചങ്ങമ്പുഴ, ബാലാമണിയമ്മ, ഗുപ്തന്‍ നായര്‍, ഒ.എന്‍.വി. കുറുപ്പ്, പി.എ. സെയ്തുമുഹമ്മദ് തുടങ്ങിയവരെല്ലാം ആഴ്ചപ്പതിപ്പിലെ എഴുത്തുകാരായിരുന്നു. ബഷീറിന്റെ നീലവെളിച്ചം, വിശുദ്ധരോമം, പാത്തുമ്മയുടെ ആട് എന്നിവയൊക്കെ ആദ്യം പ്രസിദ്ധീകരിച്ചുവന്നത് ഭാരതചന്ദ്രികയിലാണ്.

ഒരു വര്‍ഷത്തിനു ശേഷം വാരിക ദിനപത്രമാക്കി. പി.എസ്. മുഹമ്മദ്, കെ.എം. മുഹമ്മദ്, വി.എ.എ. അസീസ്, പി.കെ. കുഞ്ഞ്, എ. മരക്കാര്‍ തുടങ്ങിയവരുടെ നിര്‍ബന്ധമായിരുന്നു പത്രം തുടങ്ങുന്നതിനു പിന്നില്‍. തിരുവിതാംകൂറില്‍ സര്‍ സി.പിയുടെ കിരാതഭരണം നടക്കുന്ന കാലം. മൌനിയായിരിക്കാന്‍ ബീവിക്കു സാധിച്ചില്ല. രൂക്ഷമായ ഭാഷയില്‍ അവര്‍ സര്‍ക്കാരിനെ വിമര്‍ശിച്ചു. സര്‍ക്കാരിന്റെ ഭാഗത്തുനിന്നു ഭീഷണികളും പ്രലോഭനങ്ങളുമുണ്ടായി. തനിക്കനുകൂലമായ ലേഖനങ്ങള്‍ എഴുതിയാല്‍ ജപ്പാനില്‍നിന്ന് ആധുനിക പ്രിന്റിങ് മെഷീനുകള്‍ എത്തിച്ചുകൊടുക്കാമെന്നു സര്‍ സി.പി. വാഗ്ദാനം ചെയ്തു. എന്നാല്‍, അതു സ്വീകരിക്കാന്‍ ബീവി സന്നദ്ധയായില്ല. തുടര്‍ന്ന് അറബി മുന്‍ഷിയായിരുന്ന ഭര്‍ത്താവ് കെ.എം. മുഹമ്മദ് മൌലവിയുടെ ടീച്ചിങ് ലൈസന്‍സ് സര്‍ക്കാര്‍ റദ്ദാക്കി.

സ്വന്തമായൊരു പ്രസ് വാങ്ങാനുണ്ടായ കാരണങ്ങളെക്കുറിച്ച് അവര്‍ വിശദീകരിക്കുന്നു: "വനിതാ മാസിക ഞങ്ങള്‍ സിംഗപ്പൂരിലേക്കയച്ചിരുന്നു. അവിടെയുള്ള മലയാളി വായനക്കാരന്‍ ഇടവാക്കാരന്‍ ഹനീഫ എന്നൊരാള്‍ ഒരു എഴുത്തെഴുതി. ഒരാളെ സിംഗപ്പൂരിലേക്ക് അയക്കാമെങ്കില്‍ സ്വന്തമായൊരു പ്രസ് തുടങ്ങാനുള്ള പണം അവിടെനിന്നു പിരിച്ചെടുത്ത് അയച്ചുതരാമെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. അതനുസരിച്ച് ഞാന്‍ എന്റെ സഹോദരനെ സിംഗപ്പൂരിലേക്കയച്ചു. യാത്രാച്ചെലവും മറ്റും കഴിച്ച് 700 രൂപയാണു പിരിഞ്ഞുകിട്ടിയത്. അത് മദ്രാസിലെ ഒരു കമ്പനിക്ക് അയച്ചു മെഷീന് ഓര്‍ഡര്‍ കൊടുത്തു. മെഷീന്‍ റെയില്‍വേയില്‍ ബുക്ക് ചെയ്ത് അവര്‍ കൊട്ടാരക്കരയെത്തിച്ചു. പ്രധാനപ്പെട്ട മെഷീന്‍ എത്തിയെങ്കിലും പിന്നെയും ഒരുപാടെണ്ണം വാങ്ങേണ്ടിയിരുന്നു. അതിനുവേണ്ടിയാണു പെരുമ്പാവൂരിലെ വീടും പുരയിടവും വിറ്റത്.''

മലയാള മനോരമ കണ്ടുകെട്ടിയപ്പോള്‍ കെ.സി. മാമ്മന്‍ മാപ്പിളയ്ക്കു വേണ്ടി ലഘുലേഖകള്‍ അടിച്ചുകൊടുത്തത് ഈ പ്രസ്സില്‍ നിന്നായിരുന്നു. പത്രപ്രവര്‍ത്തനം മാത്രമായിരുന്നില്ല ഹലീമാബീവിയുടെ പ്രവര്‍ത്തനമണ്ഡലം. സാമൂഹിക-രാഷ്ട്രീയരംഗങ്ങളിലും അവര്‍ സജീവമായി ഇടപെട്ടു.

അവര്‍ തന്നെ പറയട്ടെ: "ഞാന്‍ വനിതയുടെ പ്രസിദ്ധീകരണാര്‍ഥം തിരുവല്ലയില്‍ താമസിക്കുന്ന കാലത്ത് പരേതനായ ഖാന്‍ ബഹാദൂര്‍ ആറ്റക്കോയ തങ്ങള്‍ ആലുവയില്‍ നടന്ന ഒരു യുവജനസമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചുകൊണ്ടു പ്രസംഗിക്കവെ തിരുവിതാംകൂറില്‍നിന്നു മുസ്ലിം സ്ത്രീകളുടെ അഭിവൃദ്ധി ലക്ഷ്യമാക്കി ആരംഭിച്ചിരിക്കുന്ന വനിതാ മാസികയെയും പ്രവര്‍ത്തകരെയും പ്രശംസിച്ചതിനോടൊപ്പം ഇവിടത്തെ മുസ്ലിം സ്ത്രീകളെ സംഘടിപ്പിക്കുന്നതിലേക്ക് അതിന്റെ പത്രാധിപ ഹലീമാബീവിയുടെ ശ്രദ്ധയെ ക്ഷണിക്കുന്നു എന്നും, അതിന്റെ പ്രാരംഭമായി അഖില തിരുവിതാംകൂര്‍ അടിസ്ഥാനത്തിലെങ്കിലും ഒരു വനിതാസമ്മേളനം വിളിച്ചുകൂട്ടണമെന്നും അദ്ദേഹം അഭ്യര്‍ഥിക്കുകയുണ്ടായി. ഈ വാര്‍ത്ത പത്രങ്ങളില്‍ ഞാന്‍ വായിച്ചതിനു പുറമേ അദ്ദേഹം തന്റെ ഈ ആഗ്രഹം അറിയിച്ചുകൊണ്ട് എനിക്കെഴുതിയ കത്തും അടുത്ത ദിവസം എനിക്കു കിട്ടുകയുണ്ടായി. അതനുസരിച്ച് മഹിളാസമാജം വിളിച്ചുകൂട്ടുന്നതിനുള്ള എന്റെ പരിശ്രമം ഏതാണ്ട് രണ്ടാഴ്ച കൊണ്ട് വിജയകരമായി കലാശിച്ചു.

ആ സമ്മേളനത്തില്‍ വച്ച് 'അഖില തിരുവിതാംകൂര്‍ മുസ്ലിം വനിതാ സമ്മേളനം' എന്ന പേരില്‍ ഒരു സംഘടന രൂപീകരിക്കുകയും നാടിന്റെ നാനാഭാഗങ്ങളിലും അതിന്റെ ശാഖകള്‍ സ്ഥാപിക്കണമെന്നു നിശ്ചയിക്കുകയും ചെയ്തു. കൂടാതെ അന്നു മലബാറില്‍ നിലവിലുണ്െടന്നറിയപ്പെട്ടിരുന്ന തലശ്ശേരിയിലെ മുസ്്ലിം മഹിളാസമാജക്കാരുമായി ആലോചന നടത്തി കേരളത്തില്‍ വ്യാപകമായി സംഘടന വളര്‍ത്തണമെന്നുകൂടി അന്നു ഞങ്ങള്‍ നിശ്ചയിച്ചിരുന്നുവെങ്കിലും അതിനുവേണ്ടി കുറേക്കാലം ഞാന്‍ എഴുത്തുകുത്തു നടത്തുകയും ഒടുവില്‍ ഞാന്‍ തന്നെ തലശ്ശേരിയില്‍ പോയി അതിന്റെ പ്രസിഡന്റായിരുന്ന പരേതയായ ടി.സി. കുഞ്ഞാച്ചുമ്മ സാഹിബയുമായി അഭിപ്രായവിനിമയം നടത്തിയെങ്കിലും അന്നത്തെ ചുറ്റുപാടുകള്‍ അതിനു സഹായകമായില്ല'' (മുസ്്ലിം സ്ത്രീകള്‍ സംഘടനാരംഗത്ത്, എം. ഹലീമാബീവി, അല്‍മനാര്‍ 1959 ഒക്ടോബര്‍ 5,)

കേരള നദ്വത്തുല്‍ മുജാഹിദീന്റെ കീഴില്‍ നടത്തപ്പെട്ട കൊച്ചിന്‍ വനിതാ സമ്മേളന സംഘാടകയെന്ന നിലയ്ക്കും അധ്യക്ഷയെന്ന നിലയ്ക്കുമുള്ള അനുഭവങ്ങള്‍ 1959 നവംബര്‍ ലക്കം അല്‍മനാറില്‍ അവര്‍ വിശദീകരിച്ചിട്ടുണ്ട്.

സംഘടനാ പ്രവര്‍ത്തനത്തെക്കുറിച്ച് അവര്‍ വീണ്ടും എഴുതുന്നു. "1946ല്‍ തിരുവിതാംകൂറില്‍ പ്രാബല്യത്തിലുണ്ടായിരുന്ന സ്റേറ്റ് മുസ്ലിംലീഗിന്റെ തിരുവല്ല താലൂക്കിന്റെ എല്ലാ ശാഖകളിലും പുരുഷന്‍മാരോടൊപ്പമോ അതില്‍ കൂടുതലോ സ്ത്രീകള്‍ അംഗങ്ങളായിച്ചേര്‍ന്നു സജീവമായി പ്രവര്‍ത്തനം നടത്തിയിരുന്നു. സ്ത്രീകള്‍ ശേഖരിച്ച പിടിയരി കൊണ്ടും മറ്റു സംഭാവനകള്‍ കൊണ്ടും അക്കാലത്തു പല മദ്റസകളും പ്രവര്‍ത്തിച്ചിരുന്നു. ഖാഇദെ അഅ്സം മുഹമ്മദലി ജിന്ന ഇലക്ഷന്‍ വിജയത്തിനുവേണ്ടി വെള്ളിയുണ്ടകള്‍ ആവശ്യപ്പെട്ടപ്പോള്‍ തിരുവിതാംകൂര്‍ ഭാഗത്തുനിന്ന് ആദ്യമായി ഒരു സംഖ്യ അയച്ചത് തിരുവല്ല താലൂക്കിലെ മുസ്്ലിം സ്ത്രീകളായിരുന്നു എന്നു ഞാന്‍ പറഞ്ഞാല്‍ അതിനു തെളിവ് അന്നത്തെ സര്‍ സി.പിയുടെ സി.ഐ.ഡിക്കാരുടെ റിപോര്‍ട്ടില്‍ ഒരുപക്ഷേ ഇന്നും അവശേഷിക്കുന്നുണ്ടാവും.

സ്ത്രീകളുടെ സംഘടനാബോധത്തെയും പ്രവര്‍ത്തനസാമര്‍ഥ്യത്തെയും കുറിക്കുന്ന മറ്റൊരു സംഭവം, മുസ്ലിംലീഗിന്റെ തിരുവല്ല കമ്മിറ്റി രൂപീകരണസമയത്ത് ഔദ്യോഗികസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ പ്രദര്‍ശിപ്പിച്ച സാമര്‍ഥ്യമാണ്. താലൂക്കിലുള്ള ലീഗ് അംഗങ്ങളുടെ സംഖ്യയില്‍ കൂടുതല്‍ സ്ത്രീകള്‍ ആയതുകൊണ്ട് താലൂക്ക് കമ്മിറ്റിയുടെ സെക്രട്ടറിസ്ഥാനത്തേക്ക് ഒരു സ്ത്രീയെ തിരഞ്ഞെടുക്കണമെന്ന വാദം സ്ത്രീകള്‍ ഉന്നയിക്കുകയും അതനുസരിച്ചു സെക്രട്ടറിസ്ഥാനത്തേക്കു ഭൂരിപക്ഷത്തോടെ ഞാന്‍ തിരഞ്ഞെടുക്കപ്പെടുകയുമുണ്ടായി.''

വിമോചനസമരത്തില്‍ പങ്കെടുത്ത കഥ ഹലീമാബീവി ഇങ്ങനെ അയവിറക്കുന്നു: "കമ്മ്യൂണിസ്റ് ഭരണകാലത്ത് അങ്കമാലിയില്‍ നടന്ന വെടിവയ്പില്‍ ഒരു ഗര്‍ഭിണിയും രണ്ടു കുട്ടികളും മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചു നാടാകെ സമരം പടര്‍ന്ന കാലം. പല സ്ഥലത്തും സമരം നടന്ന കൂട്ടത്തില്‍ പെരുമ്പാവൂരിലും അതിന്റെ അലകളുയര്‍ന്നു. താലൂക്ക് കച്ചേരിയും പോലിസ് സ്റ്റേഷനും പിക്കറ്റ് ചെയ്തു. ആശ്രമം ഹൈസ്കൂളില്‍നിന്നു തുടങ്ങിയ പ്രകടനം സുഭാഷ് മൈതാനത്താണ് അവസാനിച്ചത്. കമ്മ്യൂണിസ്റുകളെ കുറ്റിച്ചൂലു കൊണ്ടടിച്ചു നാടുകടത്തണമെന്നുവരെ ഞാന്‍ പ്രസംഗിച്ചു. പിക്കറ്റ് ചെയ്തവരെയെല്ലാം പിറ്റേന്ന് അറസ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി. അന്നൊരു ശനിയാഴ്ചയായിരുന്നു. പോലിസുകാര്‍ ചായയൊക്കെ വാങ്ങിത്തന്നു. ഒരു ഗര്‍ഭിണിയെയും രണ്ടു കുട്ടികളെയുമടക്കം ക്രൂരമായി വെടിവച്ചുകൊന്നതിനെതിരേ പ്രതിഷേധിച്ചതു തെറ്റാണോ എന്നു ഞങ്ങള്‍ കോടതിയില്‍ ചോദിച്ചു. എന്തായാലും കോടതി ഞങ്ങളെ ശിക്ഷിച്ചില്ല.''

കേരളത്തിലെ ആദ്യത്തെ വനിതാ പത്രാധിപരെന്നപോലെ തന്നെ ആദ്യത്തെ മുസ്ലിം മുനിസിപ്പല്‍ കൌണ്‍സിലറുമായിരുന്നു ഹലീമാബീവി. അഞ്ചു വര്‍ഷം തിരുവല്ല മുനിസിപ്പല്‍ കൌണ്‍സിലറായാണ് അവര്‍ പ്രവര്‍ത്തിച്ചത്.


കേരള മുസ്്ലിം ചരിത്രത്തില്‍ തങ്കലിപികളാല്‍ ആലേഖനം ചെയ്യപ്പെടേണ്ട ജീവിതമാണു ഹലീമാബീവിയുടേത്. അവര്‍ 2000 ജനുവരി 14ന് അന്തരിച്ചു.

http://www.thejasnews.com/index.jsp?tp=det&det=yes&news_id=201302112145757448&

0 comments:

Post a Comment