മൌനത്തിന്റെ ശമ്പളം മരണം /മനുഷ്യാവകാശം

Thursday, 21 March 2013


Tue, 12 Mar 2013 20:20:05 +0000

ടി.കെ. ആറ്റക്കോയ

   അനേകം രാജ്യങ്ങള്‍ ഇതിനകം വധശിക്ഷയ്ക്കു നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. അത്തരമൊരു തീരുമാനത്തിലെത്താന്‍ നിരവധി ഘടകങ്ങള്‍ പ്രേരകങ്ങളായി വര്‍ത്തിച്ചു. കുറ്റകൃത്യങ്ങള്‍ തടയപ്പെടുന്നതിനു മരണശിക്ഷ സഹായകമാവുന്നില്ല എന്ന അനുഭവമാണ് ഏറ്റവും പ്രധാനപ്പെട്ടത്. മുആമിയ അബൂജമാല്‍ പറയുന്നു: "കുറ്റകൃത്യങ്ങള്‍ തടയുമെന്ന വാദമാണു വധശിക്ഷയ്ക്കു നീതീകരണമായി പൊതുവേ ഉന്നയിക്കപ്പെടുന്നത്. എന്നാല്‍, പഠനങ്ങള്‍ ഈ വാദങ്ങള്‍ ശരിവയ്ക്കുന്നില്ല. യുക്തിവിചാരത്തെയല്ലാതെ മറ്റൊന്നിനെയും അതു നിഷ്കാസനം ചെയ്യുന്നില്ല. വധശിക്ഷയുടെ യുക്തിരാഹിത്യം തിരിച്ചറിയുവോളം ഭീരുത്വത്തിന്റെയും ഭയത്തിന്റെയും കറുത്ത കോവിലുകള്‍ പണിയാന്‍ ഓരോ വധോദ്യമത്തിലൂടെയും നാം ഓരോ ശിലയെന്നോണം ശേഖരിച്ചുകൊണ്ടിരിക്കും. അതിന്റെ അള്‍ത്താരയില്‍ ഇനിയുമെത്ര പേര്‍ക്കു ബലിയര്‍പ്പിക്കേണ്ടിവരും.''

ഒരു രാഷ്ട്രം അതിന്റെ സര്‍വശക്തിയും സമാഹരിച്ചുകൊണ്ടു പൌരനോടു ചെയ്യുന്ന ഘോരയുദ്ധമാണ് വധശിക്ഷ. സോക്രട്ടീസിന്റെ വധം ഭരണകൂടത്തിന്റെ കാപട്യവും ഭീകരതയും വിളിച്ചോതുന്നു. വിയോജിക്കുന്നവരെ സാമൂഹികവിരുദ്ധരും ദേശദ്രോഹികളുമാക്കുന്ന തന്ത്രം പണ്െടന്നപോലെ ഇന്നും ഭരണകൂടങ്ങള്‍ പയറ്റിക്കൊണ്ടിരിക്കുന്നു. അങ്ങനെയുള്ള ജീര്‍ണമായ ഒരു രാഷ്ട്രീയ സാഹചര്യത്തില്‍ ബ്രെഹ്റ്റ് പറഞ്ഞതുപോലെ "കുറ്റവാളികള്‍ക്കു തങ്ങളുടെ നിരപരാധിത്വം തെളിയിക്കാനാവുന്നു. നിരപരാധികള്‍ക്കു തങ്ങളുടെ നിരപരാധിത്വം തെളിയിക്കാന്‍ കഴിയാതെയും വരുന്നു.''

വധശിക്ഷയ്ക്കു വിധേയമാക്കപ്പെടുന്നവരില്‍ മഹാഭൂരിപക്ഷവും പാവപ്പെട്ടവരും അവര്‍ണരും കീഴാളരും ഭാഷാന്യൂനപക്ഷങ്ങളില്‍ പെട്ടവരുമാണ്. നിയമപരമായി ചോദ്യംചെയ്യാന്‍ സാമ്പത്തികമായും സാമൂഹികമായും കെല്‍പ്പില്ലാത്തവരാണവര്‍. എ.പി.ജെ. അബ്ദുല്‍കലാം, നന്ദിതാ ഹക്സര്‍ തുടങ്ങിയവര്‍ നേരത്തെത്തന്നെ ഈ അഭിപ്രായം പ്രകടിപ്പിക്കുകയുണ്ടായി. ചരിത്രത്തിലുടനീളം പരിശോധിച്ചാല്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരില്‍ അധികപേരും അധഃസ്ഥിതരും കറുത്ത വര്‍ഗക്കാരും ദരിദ്രരുമാണെന്നു കാണാന്‍ കഴിയുമെന്നു സ്റ്റോക്ഹോമില്‍ വച്ചു നടന്ന ഒരു സമ്മേളനത്തില്‍ വി.ആര്‍. കൃഷ്ണയ്യര്‍ പറയുകയുണ്ടായി.

പ്രമുഖ ഹിന്ദി ദിനപത്രമായ ഹിന്ദുസ്ഥാനില്‍ പ്രഭാത്കുമാര്‍ എഴുതിയ 'ഹണ്‍ഡ്രഡ് പെര്‍സന്റ് റിസര്‍വേഷന്‍ ഇന്‍ കാപിറ്റല്‍ പണിഷ്മെന്റ്' എന്ന ലേഖനത്തില്‍ സ്ഥാപിക്കുന്നത് ബിഹാര്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ വധശിക്ഷ നൂറു ശതമാനവും ദലിതുകള്‍ക്കും ആദിവാസികള്‍ക്കും പിന്നാക്കവിഭാഗങ്ങള്‍ക്കും ന്യൂനപക്ഷ സമുദായങ്ങള്‍ക്കും മാത്രമായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നുവെന്നാണ്.

'ഗ്രീന്‍ഹണ്ട്' എന്ന പേരില്‍ നടക്കുന്നത് മാവോവാദി വേട്ടയല്ല. വനമേഖലയിലെ വിഭവങ്ങള്‍ കൊള്ളയടിക്കുകയെന്ന മാടമ്പിമാരുടെ നിക്ഷിപ്ത താല്‍പ്പര്യമാണു ഗ്രീന്‍ഹണ്ടിലൂടെ സംരക്ഷിക്കപ്പെടുന്നത്. ആദിവാസി മേഖലയിലെ ധാതുസമ്പത്ത് കൊള്ളയടിക്കാന്‍ വന്‍ വ്യവസായികള്‍ക്കു കൂട്ടുനില്‍ക്കുകയാണു പോലിസ് സേനയും പട്ടാളവും. എന്നാല്‍, പാവപ്പെട്ടവരുടെ പ്രതിഷേധങ്ങളെ ദാരുണമായി അടിച്ചമര്‍ത്തുന്ന ഒരു സാഹചര്യമാണ് ഈ മേഖലയിലുള്ളത്. അവരുടെ മേല്‍ കരിനിയമങ്ങള്‍ ചാര്‍ത്തുന്നു. അവര്‍ക്കെതിരേ വധശിക്ഷ വിധിക്കുന്നു.

ഭാഗല്‍പ്പൂര്‍ ജയിലില്‍ 35ഓളം പേര്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരായുണ്ടത്രേ. അവര്‍ അധഃസ്ഥിതരോ ദലിതുകളോ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരോ മാത്രമാണ്. കൃഷ്ണ മോചി, നന്‍ഹേലാല്‍ മോചി, വീര്‍ കുന്‍വര്‍, പാസ്വാന്‍, ധര്‍മേന്ദ്രസിങ് എന്നീ അഞ്ചു ദലിതുകളെ വധശിക്ഷയ്ക്കു വിധിച്ചതിനെത്തുടര്‍ന്നു 2004 മെയ് 21നു കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ളബ്ബില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ നന്ദിത ഹക്സര്‍ ഒരു വസ്തുത ചൂണ്ടിക്കാട്ടുകയുണ്ടായി. "യു.എസ്.എയുടെ പ്രസിഡന്റ് ജോര്‍ജ് ബുഷ്, മനുഷ്യ കൂട്ടക്കുരുതിക്ക് ഉത്തരവാദിയായ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി, ജര്‍മന്‍ മിഷനറി ഗ്രഹാം സ്റ്റെയിന്‍സിനെ വധിച്ച ദാരാസിങ് എന്നിവരെയാണു വധശിക്ഷയ്ക്കു വിധേയമാക്കേണ്ടത്. പക്ഷേ, ഇവരൊക്കെയും നിയമത്തിനതീതരാണ്. അവരെ പിടികൂടുന്നതിനെ അവരുടെ ജാതിയും മതവും അസാധ്യമാക്കിത്തീര്‍ക്കുകയാണ്.''

നീതിയെ വാഴിക്കുന്നതിനപ്പുറം സ്വന്തം വിശ്വാസപ്രമാണങ്ങള്‍ അടിച്ചേല്‍പ്പിക്കാനും ആഗോള മൂലധനശക്തികളെയും അധികാരമോഹികളായ ഭരണാധികാരികളെയും തൃപ്തിപ്പെടുത്താനും ന്യായാധിപന്മാര്‍ തങ്ങളുടെ പദവി ദുരുപയോഗപ്പെടുത്തുന്നതായി ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിക്കന്‍ മാനേജ്മെന്റുകള്‍ക്ക് അധികാരം നല്‍കിക്കൊണ്ടുള്ള വിധിയില്‍ രാഷ്ട്രീയ പക്ഷപാതിത്വത്തിന്റെ സ്വാധീനം പ്രകടമാണ്. സംഘടിക്കാനും പ്രതിഷേധിക്കാനുമുള്ള ജനങ്ങളുടെ അവകാശങ്ങളെ പരിമിതപ്പെടുത്തുന്ന കോടതിവിധികള്‍ ആഗോള മൂലധനശക്തികളെയാണു തൃപ്തിപ്പെടുത്തുന്നത്. ആക്ടിവിസത്തിന്റെ പേരില്‍ കോടതികള്‍ അധികാരപരിധികള്‍ ലംഘിക്കുന്നതിനു ജനാധിപത്യത്തില്‍ യാതൊരു നിയമസാധുതയുമില്ല.

ഷാബാനു കേസില്‍ വൈ.വി. ചന്ദ്രചൂഡന്റെ വിധി ഇന്ത്യന്‍ സാമൂഹികജീവിതത്തില്‍ കടുത്ത പ്രക്ഷുബ്ധാവസ്ഥകളാണു സൃഷ്ടിച്ചത്. ഒരു മുസ്ലിം സ്ത്രീയും മുസ്ലിം പുരുഷനും തമ്മിലുള്ള ജീവനാംശത്തെക്കുറിച്ചുള്ള തര്‍ക്കവിതര്‍ക്കങ്ങള്‍ മുസ്ലിം സമുദായത്തിന്റെ സാംസ്കാരികവും മതപരവുമായ സ്വതന്ത്രവും സവിശേഷവുമായ നിലനില്‍പ്പിനെ ചോദ്യംചെയ്യാന്‍ കരുവായി ഉപയോഗിക്കപ്പെടുകയായിരുന്നു. വിധവയായ സ്ത്രീക്കു മുന്‍ ഭര്‍ത്താവ് കൊടുക്കേണ്ട ജീവനാംശം നേടിക്കൊടുക്കുകയായിരുന്നു ചന്ദ്രചൂഡന്റെ ഉദ്ദേശ്യമെങ്കില്‍ പ്രശ്നങ്ങളൊന്നും ഉടലെടുക്കുകയില്ലായിരുന്നു. ഈ കേസിനെ മുന്‍നിര്‍ത്തി ശരീഅത്ത് വിമര്‍ശിക്കപ്പെടുകയുണ്ടായി. ഖുര്‍ആന്‍ വ്യാഖ്യാനിക്കുകയുണ്ടായി. ഒട്ടേറെ മതസമൂഹങ്ങള്‍ ജീവിക്കുന്ന ഇന്ത്യയില്‍ ഏക സിവില്‍കോഡിനു വേണ്ടി ചന്ദ്രചൂഡന്‍ ആഹ്വാനം നടത്തുകയും ചെയ്തു. ഈ വിധി മുസ്ലിംകളെ ഒരു ഭാഗത്തും കമ്മ്യൂണിസ്റുകളെയും യുക്തിവാദികളെയും വര്‍ഗീയവാദികളെയും മറുഭാഗത്തുമായി വിഭജിച്ചു.

1984 ഡിസംബര്‍ 3നു ഭോപ്പാലില്‍ സംഭവിച്ചതു ചരിത്രത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തമായിരുന്നു. എട്ടു ലക്ഷത്തോളം പേരുടെ ജീവിതമാണ് ഈ വാതകദുരന്തം ദുസ്സഹമാക്കിയത്. പതിനായിരക്കണക്കിനു പേരുടെ ജീവനുകളാണ് അപഹരിച്ചത്. പക്ഷേ, ഈ വാതകദുരന്തവുമായി ബന്ധപ്പെട്ട വിധി വരാന്‍ 25 വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവന്നു. വി.ആര്‍. കൃഷ്ണയ്യര്‍ പറയുന്നതു കാണുക: "താലിബാന്റെയും മാവോവാദികളുടെയും മേല്‍ സദാ കുതിരകയറാന്‍ വെമ്പല്‍കൊള്ളുന്ന അമേരിക്കന്‍ പ്രസിഡന്റും വെള്ളക്കാരും ഇന്ത്യന്‍ പ്രധാനമന്ത്രിയും, ഒരു അമേരിക്കന്‍ കമ്പനി ഇന്ത്യയില്‍ ദുരിതം വിതച്ചപ്പോള്‍ തീരുമാനത്തിലെത്താന്‍ 25 വര്‍ഷം കാത്തുനിന്നു. ഇന്ത്യ ഇപ്പോഴും വിക്ടോറിയന്‍ ഇംപീരിയല്‍ ഫ്യൂഡല്‍ കാലത്താണു കഴിയുന്നതെന്നു വേണം കരുതാന്‍. സോഷ്യലിസത്തില്‍നിന്നു രാജ്യം വളരെ അകലെയാണു നില്‍ക്കുന്നത്.''

കുറ്റവാളികളായ ഏതാനും പേര്‍ക്കു രണ്ടു വര്‍ഷത്തെ തടവാണു ശിക്ഷയായി വിധിച്ചത്. യൂനിയന്‍ കാര്‍ബൈഡ് കോര്‍പറേഷന്‍ മേധാവി വാറന്‍ ആന്‍ഡേഴ്സന്‍ ഒരു പരിക്കുമേല്‍ക്കാതെ രക്ഷപ്പെട്ടു. 1984ല്‍ ദുരന്തത്തിനുശേഷം ആന്‍ഡേഴ്സനെ അറസ്റ് ചെയ്തെങ്കിലും അയാള്‍ സ്വന്തം ജാമ്യത്തിലിറങ്ങി ഇന്ത്യ വിടുകയാണുണ്ടായത്. അയാളെ ഇന്ത്യയിലേക്കെത്തിക്കാന്‍ ഭരണകൂടം ഫലപ്രദമായ യാതൊരു നടപടിയുമെടുത്തില്ല.

ബാബരി മസ്ജിദ് വിഷയത്തിലുള്ള 2010 സപ്തംബര്‍ 30ലെ അലഹബാദ് ഹൈക്കോടതി വിധി അക്ഷരാര്‍ഥത്തില്‍ തന്നെ സാമാന്യബോധമുള്ള സര്‍വരെയും ഞെട്ടിച്ചു. ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയുടെ പ്രതിസന്ധിയായി വേണം ഈ വിധിയുടെ സാഹചര്യത്തെ വിലയിരുത്താന്‍. ബാബരി മസ്ജിദ് രാമജന്മസ്ഥാനത്താണെന്ന വാദത്തെയാണ് ഈ വിധി അടിസ്ഥാനമാക്കുന്നത്. 1994ല്‍ സുപ്രിംകോടതി ബാബരി മസ്ജിദ് ധ്വംസനത്തെ ദേശീയ അപമാനമായി വിലയിരുത്തിയിരുന്നു. എന്നാല്‍, അലഹബാദ് ഹൈക്കോടതി വിധിയില്‍ മസ്ജിദ് ധ്വംസനം പരാമര്‍ശിക്കപ്പെടുന്നേയില്ല. ബാബരി മസ്ജിദ് തകര്‍ത്തതിനെയും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെയും ഈ വിധി ഫലത്തില്‍ ന്യായീകരിക്കുന്നു. രാമന്‍ എന്ന ഇതിഹാസ കഥാപാത്രത്തെ ഒരു വ്യക്തിയായി സ്ഥാപിക്കുകയെന്ന യുക്തിരാഹിത്യമാണ്, ഒരു പ്രതിമ നിയമത്തിനു മുമ്പില്‍ രക്തവും മാംസവുമുള്ള മനുഷ്യനായി പരിഗണിക്കപ്പെടുകയെന്ന അസംബന്ധമാണ്, ഈ കോടതിവിധിയുടെ ഏറ്റവും വലിയ ദൌര്‍ബല്യം.

കോടതി ഈ വിധിയിലൂടെ ചെയ്തത്, കക്ഷികള്‍ക്കിടയില്‍ സാമാന്യനിലയില്‍ മധ്യസ്ഥത വഹിക്കുക മാത്രമായിരുന്നുവെന്നും മുസ്ലിംകളുടെ നീതി നിഷേധിക്കപ്പെട്ടുവെന്നും ഹിന്ദുക്കളുടെ വികാരപ്രകടനങ്ങള്‍ക്കു നിയമത്തിന്റെ നീതീകരണം ലഭ്യമായെന്നും സീനിയര്‍ അഭിഭാഷകനായ രാജീവ് ധവാന്‍ അഭിപ്രായപ്പെടുകയുണ്ടായി. കക്ഷികളില്‍ ആരുംതന്നെ ഭൂമി വിഭജിച്ചു വീതംവയ്ക്കണം എന്ന ആവശ്യം ഉന്നയിക്കാതിരിക്കെ കോടതി അതിനു മുതിര്‍ന്നതെന്തുകൊണ്ടാണെന്നു പ്രഗല്‍ഭ നിയമജ്ഞര്‍ ചോദിക്കുകയുണ്ടായി.
"ഇന്ത്യക്കാരിയെന്ന നിലയില്‍ ഞാന്‍ അഭിമാനം കൊണ്ട ഒരു കാലമുണ്ടായിരുന്നു. അന്തര്‍ദേശീയരംഗത്തു നാം അനുവര്‍ത്തിച്ചുപോന്ന നിലപാടുകള്‍, നാം കൊയ്തെടുത്ത നേട്ടങ്ങള്‍ ഒക്കെയും നമുക്ക് അഭിമാനിക്കാന്‍ വകയുള്ളതായിരുന്നു. ചേരിചേരാ പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളികളായിരുന്നു നാം. പശ്ചിമേഷ്യന്‍ രാഷ്ട്രീയവുമായി ബന്ധപ്പെട്ടു ഫലസ്തീനെ പിന്തുണച്ച നാം ധീരമായ സമീപനങ്ങള്‍ അനുവര്‍ത്തിച്ചുപോന്നു. സയണിസ്റ്റ് ഇസ്രായേലിലേക്കും റാസിസ്റ്റ് ആഫ്രിക്കയിലേക്കുമുള്ള യാത്രാനുമതി നിഷേധിച്ചുകൊണ്ടുള്ള ഉത്തരവ് എന്റെ പാസ്പോര്‍ട്ടില്‍ മുദ്രണം ചെയ്തിരുന്നു. ഇപ്പോള്‍ ഇന്ത്യ പറയുന്നതും ചെയ്യുന്നതുമായ അധികകാര്യങ്ങളിലും എനിക്കു വല്ലാത്ത പ്രയാസവും ദുഃഖവും ലജ്ജയും അനുഭവപ്പെടുന്നു. ഒരു പാകിസ്താനിയെ മരണശിക്ഷയ്ക്കു വിധേയമാക്കിയ ഊഴം നാം ആഘോഷവേളയാക്കുന്നു. ആ വാര്‍ത്ത കേട്ടതുമുതല്‍ തന്നെ ഇനിയും പുതിയപുതിയ ആളുകളെ കൊലമരത്തിലേറ്റാന്‍ ചെന്നായ്ക്കളെപ്പോലെ ഓരിയിടുകയാണു നിരവധി ഇന്ത്യക്കാര്‍. ആറു കൊല്ലമായി ഡെത്ത്സെല്ലില്‍ കഴിയുന്ന കശ്മീരി യുവാവിനു നേരെയാണിപ്പോള്‍ അവര്‍ തിരിഞ്ഞിട്ടുള്ളത്. ഹിന്ദു ഫാഷിസ്റ് നേതാവായിരുന്ന ബാല്‍താക്കറെയുടെ മരണത്തെത്തുടര്‍ന്നുണ്ടായ ദേശീയ ദുഃഖാചരണത്തിനു തൊട്ടുപിറകെയായിരുന്നു ഈ ആഹ്ളാദപ്രകടനം.'' അജ്മല്‍ കസബിനെ തൂക്കിലേറ്റിയ സംഭവത്തോടു പ്രസിദ്ധ മനുഷ്യാവകാശ പ്രവര്‍ത്തകയായ നന്ദിത ഹക്സര്‍ ഇപ്രകാരമാണു പ്രതികരിച്ചത്.

കസബിനെ തൂക്കിലേറ്റിയതിനെത്തുടര്‍ന്ന് ഏതാനും ചില ചോദ്യങ്ങള്‍ ഉയര്‍ന്നുവരുകയുണ്ടായി. ഇന്ത്യയില്‍ വധശിക്ഷയ്ക്കു വിധേയനാക്കുന്നവരില്‍ അവസാനത്തെ ആളാവുമോ കസബ്? വധശിക്ഷ നിരോധിച്ചുകൊണ്ടുള്ള പുതിയൊരധ്യായം ഇന്ത്യന്‍ നിയമസംഹിതയില്‍ അടുത്തപടി എഴുതിച്ചേര്‍ക്കാനാവുമോ? മനുഷ്യാവകാശപ്രവര്‍ത്തകരുടെയും മനുഷ്യസ്നേഹികളുടെയും പോരാട്ടത്തെ അപ്രസക്തമാക്കിക്കൊണ്ട് കൂടുതല്‍ കൂടുതല്‍ പ്രാണനുകളെ തൂക്കുമരങ്ങളിലെ ഊരാക്കുടുക്കിലേക്കെറിയാനുള്ള രാഷ്ട്രീയതന്ത്രത്തിന്റെ നാന്ദിയാവുമോ കസബിന്റെ വധശിക്ഷ എന്നു ശങ്കിച്ചവരുമുണ്ട്. മധുരം പകര്‍ന്നു കസബിന്റെ വധശിക്ഷ ആഘോഷിച്ച 'ദേശസ്നേഹി'കള്‍ 'മരണവരി'യില്‍നിന്ന് ഇനിയും തിരഞ്ഞെടുക്കേണ്ടവരുടെ പേരുവിവരങ്ങള്‍ ആരാച്ചാരന്മാരെ ഓര്‍മപ്പെടുത്തിക്കൊണ്ടിരുന്നു. അധികനാള്‍ കഴിയുംമുമ്പേ തിഹാര്‍ ജയിലില്‍ അഫ്സല്‍ ഗുരുവിനെ തൂക്കിക്കൊന്ന വാര്‍ത്തയാണു നാം ശ്രവിച്ചത്. തബസ്സും ഗുരുവിന്റെ വിലാപങ്ങള്‍ക്കും മകന്‍ ഗാലിബിന്റെ നൊമ്പരങ്ങള്‍ക്കും കാതുകൊടുക്കാന്‍ കഴിയാത്തവിധം ശക്തമായിരുന്നു പ്രണബ് മുഖര്‍ജിയുടെ പാര്‍ലമെന്റിനോടുള്ള പ്രതിബദ്ധതയും കോണ്‍ഗ്രസ്സിന്റെ അഖണ്ഡതയോടുള്ള കൂറുമെന്നു മാലോകര്‍ക്കൊക്കെയും ബോധ്യപ്പെട്ടു. ജനാധിപത്യത്തിന്റെ ദീപനത്തിനുവേണ്ടി കല്‍ത്തുറുങ്കുകളില്‍ ഇനിയും ശിരസ്സുകള്‍ ഛേദിക്കപ്പെടുമെന്നു തന്നെയാണു വധശിക്ഷയ്ക്കു വിധിക്കപ്പെട്ട വീരപ്പന്റെ സഹചാരികളുടെ ദയാഹരജി തിരസ്കരിച്ചുകൊണ്ട് പ്രണബ് മുഖര്‍ജി ഇറക്കിയ ഉത്തരവ് പറഞ്ഞുതരുന്നത്.

അഫ്സലിന്റെ മരണശിക്ഷയ്ക്കു ദൃക്സാക്ഷിയായ ഒരു ഉദ്യോഗസ്ഥന്റെ വാക്കുകള്‍ ഇകണോമിക് ആന്റ് പൊളിറ്റിക്കല്‍ വീക്കിലി ഇപ്രകാരം ഉദ്ധരിക്കുന്നു: "ഭക്തനും സദ്ഗുണസമ്പന്നനുമായ മാന്യവ്യക്തിയായിരുന്നു അഫ്സല്‍. അദ്ദേഹം തൂക്കുമരത്തിലേക്ക് ആനയിക്കപ്പെട്ട വേളയില്‍ ജയില്‍ ഉദ്യോഗസ്ഥരെ ഓരോരുത്തരെയും പേരുപറഞ്ഞ് ആശംസകള്‍ നേര്‍ന്നു. ഒരു കാര്യം മാത്രമാണ് അദ്ദേഹത്തിന് ആവശ്യപ്പെടാനുണ്ടായിരുന്നത്: നിങ്ങളെന്നെ വേദനിപ്പിക്കില്ലെന്നു പ്രതീക്ഷിക്കുന്നു.'' അഫ്സലിന്റെ കണ്ണുകള്‍ക്കു മുകളില്‍ കറുത്ത മൂടുപടം പുതപ്പിക്കവെ ആ കണ്ണുകളിലേക്കു നോക്കിയ ആരാച്ചാര്‍ വികാരാധീനനായി. ശാന്തപൂര്‍ണമായൊരു യാത്രയായിരുന്നു അത്.
പാര്‍ലമെന്റ് ആക്രമണക്കേസിന്റെ അന്വേഷണവും വിചാരണയും എന്തുമാത്രം അസംബന്ധമായിരുന്നുവെന്നതിന് അനേകം തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. ഇന്ത്യന്‍ സമൂഹത്തിന്റെ പൊതുതാല്‍പ്പര്യമാണത്രേ ഈ കോടതിവിധിയിലൂടെ പ്രതിഫലിക്കുന്നത്! ഇങ്ങനെ ചെയ്യുകവഴി പാര്‍ലമെന്റ് ആക്രമണത്തിലെ യഥാര്‍ഥ കുറ്റവാളികളെ രക്ഷിക്കുകയായിരുന്നില്ലേ അന്വേഷണ ഉദ്യോഗസ്ഥര്‍ ചെയ്തത്? അഫ്സലിനെ കുരുക്കില്‍പ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ലെങ്കില്‍ മറ്റൊരു മുസ്ലിമിനെ പ്രതിപ്പട്ടികയില്‍ ചേര്‍ത്തു കേസ് അവസാനിപ്പിക്കാന്‍ നമ്മുടെ നിയമപാലകര്‍ തയ്യാറാവുമായിരുന്നുവെന്നാണ് എസ്.എ.ആര്‍. ഗീലാനിയുടെ അനുഭവം പറഞ്ഞുതരുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിതാ: "കോടതിക്കു പുറത്തെ ഒറ്റമുറി സെല്ലില്‍ ഞാന്‍ ളുഹര്‍ നമസ്കരിക്കുകയായിരുന്നു. നമസ്കാരം പൂര്‍ത്തീകരിച്ചപ്പോള്‍ തടവുകാരനായ ഒരു പാകിസ്താനി വന്ന് എനിക്കു നന്ദി പറഞ്ഞു തിരിച്ചുപോയി. എന്നോടെന്തിനാണു നന്ദി പറഞ്ഞതെന്നു മനസ്സിലായില്ല. ഒരു കാരണവുമില്ലാതെയാണ് അയാളെ ജയിലിലടച്ചത്. മറ്റാരെയും കിട്ടിയില്ലെങ്കില്‍ പാര്‍ലമെന്റ് ആക്രമണക്കേസില്‍ അയാളെ പ്രതിയാക്കാമെന്ന് ജയിലധികൃതര്‍ പറഞ്ഞിരുന്നുവത്രേ. അയാളുടെ സ്ഥാനത്തു ഞാന്‍ പ്രതിയായി പിടിക്കപ്പെട്ടു എന്നതിനാലാണ് അയാള്‍ എന്നോടു നന്ദി പറഞ്ഞത്.'' ഈ അനുഭവം തീവ്രവാദി ആക്രമണം, ഭീകരാക്രമണം തുടങ്ങിയ പേരുകളിലറിയപ്പെടുന്ന സംഭവങ്ങളുമായി ബന്ധപ്പെട്ടു നിയമപാലകര്‍ മുസ്ലിംകളെ കെണിയില്‍ കുടുക്കുന്നത് എങ്ങനെയെന്നു നമുക്കു മനസ്സിലാക്കിത്തരുന്നു.

പ്രണബ് മുഖര്‍ജി പ്രസിഡന്റ് പദവിയില്‍ ഉപവിഷ്ടനായ ഉടനെ 14ഓളം മുന്‍ ജഡ്ജിമാര്‍ അദ്ദേഹത്തെ കണ്ടു വധശിക്ഷ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. 13ഓളം പേരെ വധശിക്ഷയ്ക്കു വിധിച്ചുകൊണ്ടുള്ള സുപ്രിംകോടതി നടപടിക്രമങ്ങളില്‍ പിഴവുണ്ടായിരുന്നുവെന്ന് പിന്നീടു കണ്െടത്തിയതിന്റെ വെളിച്ചത്തിലായിരുന്നു ഈ ആവശ്യവുമായി ജഡ്ജിമാര്‍ പ്രസിഡന്റിനെ കണ്ടത്. ചിന്തിച്ചുനോക്കൂ: ജനങ്ങള്‍ക്കും അവരുടെ ജീവനും എന്തു വിലയും മൂല്യവുമാണു നമ്മുടെ ഭരണകൂടവും അതിനെ താങ്ങിനിര്‍ത്തുന്ന ന്യായാസനങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളും നല്‍കുന്നത്? അപൂര്‍വങ്ങളില്‍ അപൂര്‍വമായ കുറ്റകൃത്യങ്ങളില്‍ പങ്കാളികളായവര്‍ എന്ന മുദ്രകുത്തി നിരപരാധികളെ കൊലയ്ക്കു വിധിക്കുന്നവര്‍ എന്തുമാത്രം ഗര്‍ഹണീയമായ കുറ്റകൃത്യമാണു ചെയ്തുകൂട്ടുന്നത്!

ഇത്തരമൊരു പശ്ചാത്തലത്തില്‍ അഫ്സല്‍ ഗുരുവിന്റെ വധശിക്ഷയുമായി ബന്ധപ്പെട്ടു പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ഉന്നതസ്ഥാനീയര്‍ക്കും രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കും വളരെ വലിയ ദൌത്യങ്ങള്‍ നിര്‍വഹിക്കാനുണ്ടായിരുന്നു. ന്യായം, നീതിബോധം, പക്ഷപാതിത്വരാഹിത്യം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കണം നീതിപീഠങ്ങളില്‍നിന്നു വിധിന്യായങ്ങള്‍ ഉയരേണ്ടത്. ഈ മൂല്യങ്ങളത്രയും നിഷ്ക്രമിച്ചിരിക്കുന്നുവെന്ന് ആശങ്കകളുയര്‍ന്നിട്ടും നിസ്സംഗത പുലര്‍ത്തിയവര്‍ക്കു ചരിത്രം മാപ്പുകൊടുക്കില്ല.

അഫ്സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കേണ്ടത് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിന്റെ ഒരാഗ്രഹം കൂടിയായിരുന്നു. അഫ്സലിന്റെ മുസ്ലിം-കശ്മീരി മുദ്രകളാവാം കടുത്ത അനീതിക്ക് അദ്ദേഹം ഇരയാക്കപ്പെടാന്‍ പ്രധാന കാരണങ്ങള്‍. കോണ്‍ഗ്രസ് നിലനില്‍പ്പിന്റെ രാഷ്ട്രീയമാണു പണ്ടുമുതലേ പയറ്റിക്കൊണ്ടിരിക്കുന്നത്. ഹൈന്ദവേതരമായ മത-സാംസ്കാരികധാരകള്‍ ദേശവിരുദ്ധമെന്നും വൈദേശികമെന്നും വരുത്തിത്തീര്‍ക്കേണ്ടതും, അഫ്സലിനെപ്പോലുള്ള മുസ്ലിമും കശ്മീരിയുമായ ഒരാളെ കുരുതികൊടുക്കുകവഴി ബി.ജെ.പിയേക്കാള്‍ ഹൈന്ദവാഭിമുഖ്യം പുലര്‍ത്തേണ്ടതും അധികാരരാഷ്ട്രീയത്തില്‍ കവിഞ്ഞു മറ്റൊന്നിലും കണ്ണുവയ്ക്കാത്ത കോണ്‍ഗ്രസ് അനുവര്‍ത്തിച്ച ഒരു തിരഞ്ഞെടുപ്പ് അടവു മാത്രം. ജനകോടികളുടെ വോട്ട് കൊണ്ടു മറയ്ക്കാനാവാത്ത ഒരു നാണവുമില്ലെന്നു കോണ്‍ഗ്രസ് പണ്േട പഠിച്ചതാണല്ലോ.

ഭീകരാക്രമണങ്ങളുടെയും മാവോവാദി ആക്രമണങ്ങളുടെയും ദേശദ്രോഹത്തിന്റെയും പേരില്‍ നിരപരാധികള്‍ തുറുങ്കിലടയ്ക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അവരെ തൂക്കുമരങ്ങള്‍ക്കും ആരാച്ചാര്‍മാര്‍ക്കും എറിഞ്ഞുകൊടുക്കുന്നതില്‍ യാതൊരു നിയമസാധുതയുമില്ല. പക്ഷേ, ന്യായാധിപന്മാരും ന്യായാസനങ്ങളും നീതിയുടെ പക്ഷത്തുണ്െടന്നു വിശ്വസിക്കാന്‍ കഴിയാത്ത ദാരുണമായ പശ്ചാത്തലത്തില്‍ വധശിക്ഷ എടുത്തുകളയാനുള്ള ശ്രമങ്ങള്‍ മുഴുവന്‍ മനുഷ്യസ്നേഹികളുടെയും പിന്തുണ അര്‍ഹിക്കുന്നുണ്ട്. തീര്‍ച്ചയായും മൌനത്തിന്റെ ശമ്പളം മരണമാണ്.             ി

http://www.thejasnews.com/index.jsp?tp=det&det=yes&news_id=201302112145005138&

0 comments:

Post a Comment