Tue, 12 Mar 2013 20:07:18 +0000
ദീര്‍ഘകാലമായി രോഗബാധിതനായിരുന്ന ഹ്യൂഗോ ചാവേസിന്റെ മരണം അപ്രതീക്ഷിതമല്ലെങ്കിലും ലോകത്തെങ്ങുമുള്ള വലിയൊരു ജനവിഭാഗത്തെ ഈ വേര്‍പാട് ദുഃഖിപ്പിക്കും. ആഗോള സാമ്രാജ്യത്വവിരുദ്ധ ചേരിയില്‍ വലിയൊരു വിടവാണ് ഈ മരണം അവശേഷിപ്പിക്കുക എന്ന കാര്യത്തിലും സംശയമില്ല.
എഴുപതുകളില്‍ ഒരു സാധാരണ പട്ടാളക്കാരനായി ജീവിതമാരംഭിച്ച്, 1992ല്‍ പ്രസിഡന്റ് കാര്‍ലോസ് പെരസിന്റെ സാമ്പത്തികനയങ്ങള്‍ക്കും ഏകാധിപത്യ ഭരണരീതികള്‍ക്കുമെതിരേ ജനകീയസമരങ്ങള്‍ക്കു നേതൃത്വം നല്‍കിയാണു സംഭവബഹുലമായ തന്റെ രാഷ്ട്രീയജീവിതത്തിന് ചാവേസ് അരങ്ങേറ്റം കുറിക്കുന്നത്. എണ്ണസമ്പന്നമായ രാജ്യത്തിന്റെ സാമ്പത്തികാഭിവൃദ്ധിയുടെ സദ്ഫലങ്ങള്‍ സാധാരണ ജനങ്ങളിലെത്തുന്നില്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഭരണത്തിലും സൈന്യത്തിലും ഒരുപോലെ വ്യാപിച്ച അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരേ പ്രക്ഷോഭങ്ങളുമായി അദ്ദേഹം രംഗത്തുവന്നു. കാര്‍ലോസിനെ സ്ഥാനഭ്രഷ്ടനാക്കാന്‍ ലക്ഷ്യമിട്ട് 1992ല്‍ ആസൂത്രണം ചെയ്യപ്പെട്ട പട്ടാള അട്ടിമറിശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹം തടവിലായി. രണ്ടു വര്‍ഷത്തെ തടവുശിക്ഷയ്ക്കുശേഷം ജയില്‍മോചിതനായി പുറത്തുവരുമ്പോഴേക്കും വെനിസ്വേലന്‍ ജനതയുടെ വീരനായകനായി അദ്ദേഹം മാറിയിരുന്നു.
രാജ്യത്തെ സാധാരണക്കാരോടൊപ്പമായിരുന്നു പിന്നീട് അദ്ദേഹം. വളരെ പെട്ടെന്നു ജനങ്ങളുടെ അനിഷേധ്യ നേതാവായി മാറി. ഇടതുപക്ഷ ആഭിമുഖ്യം പുലര്‍ത്തിയിരുന്ന തന്റെ പ്രസ്ഥാനത്തിലൂടെ വെനിസ്വേലയെ സോഷ്യലിസ്റ്റ് പാതയിലേക്കു നയിക്കാന്‍ അദ്ദേഹത്തിനായി. 1998ല്‍ വെനിസ്വേലയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ചാവേസ്, ദരിദ്രവിഭാഗങ്ങള്‍ക്കായി നിരവധി ക്ഷേമപദ്ധതികള്‍ നടപ്പാക്കിയത് അദ്ദേഹത്തെ ഏറെ ജനപ്രിയനാക്കി. കടുത്ത വിമര്‍ശനങ്ങള്‍ക്കു ശരവ്യമായിട്ടുണ്െടങ്കിലും നാലു തവണ തുടര്‍ച്ചയായി വെനിസ്വേലയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് അദ്ദേഹത്തിന്റെ ജനസമ്മതിക്കു തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
കറകളഞ്ഞ സാമ്രാജ്യത്വവിരുദ്ധ നിലപാടുകളാണു ചാവേസിനെ ലോകതലത്തില്‍ ശ്രദ്ധേയനാക്കി മാറ്റിയത്. അമേരിക്കയെപ്പോലുള്ള ഒരു മര്‍ദ്ദകശക്തിക്കെതിരേ ധീരമായി നിലകൊണ്ടുവെന്നതു മാത്രമല്ല, ആഗോളതലത്തില്‍ ഒരു അമേരിക്കന്‍ വിരുദ്ധചേരി സൃഷ്ടിച്ചെടുക്കാന്‍ നേതൃപരമായ പങ്കുവഹിച്ചു എന്നതുകൂടിയാണു മര്‍ദ്ദിത ജനകോടികളുടെ മനസ്സുകളില്‍ ഹ്യൂഗോ ചാവേസിനെ അവിസ്മരണയനാക്കി മാറ്റുന്നത്.
http://www.thejasnews.com/index.jsp?tp=det&det=yes&news_id=201302112143718407&

0 comments:
Post a Comment