ഡി. വിനയചന്ദ്രന്‍ മലയാള കവിതയിലെ വനശോഭ /

Thursday, 21 March 2013



Tue, 12 Mar 2013 20:28:15 +0000

ബക്കര്‍ മേത്തല

  വിനയചന്ദ്രന്‍ മാഷ് കാടും പടലും കടലും ഉള്‍ക്കൊള്ളുന്ന ഒരു ആവാസവ്യവസ്ഥ തന്നെ കവിതയിലേക്കു കൊണ്ടുവന്ന കവിയാണ്. വിനയചന്ദ്രന്‍ കാട്ടിലേക്കു പോവുമ്പോള്‍ കാടിന്റെ സ്നേഹവും വന്യതയും ഋഷിത്വവും കവിതകളില്‍ നിറഞ്ഞുതുളമ്പുന്നുണ്ട്. വിനയചന്ദ്രന്‍ കടലിറങ്ങുമ്പോള്‍ കുളിര്‍ മാത്രമല്ല കവിതയില്‍ അനുഭവപ്പെടുന്നത്. ഉഷ്ണജലപ്രവാഹത്തില്‍ പെടുമ്പോഴുള്ള ഒരുതരം പൊള്ളലുമുണ്ട്. നഗരയക്ഷികളുടെ ഭീഭല്‍സതയില്‍നിന്നു രക്ഷപ്പെടാനുള്ള ഒരു അഭയസങ്കേതമാണു കവിക്കു കാട്. കാട്ടുപൂവിന്റെ മണം പടര്‍ത്തുന്ന ഉന്മാദത്തില്‍ കവി നൃത്തം ചെയ്യുമ്പോഴും താന്‍ കൂട്ടിലടയ്ക്കപ്പെട്ട മൃഗ ത്തെപ്പോലെ പരാധീനതയോടെയാണു കാടിന്റെ കാഴ്ചകള്‍ കാണുന്നതെന്നു കവി തിരിച്ചറിയുന്നുണ്ട്. ഈ തിരിച്ചറിവില്‍ നിന്നുണ്ടാവുന്ന രോഷവും സങ്കടവുമാണു വിനയചന്ദ്രന്‍ കവിതകളുടെ ഒരടിസ്ഥാനം. എങ്കിലും കാടിനോടുള്ള പ്രണയത്തിന്റെ ആഴം നമുക്കളക്കാന്‍ കഴിയാത്തവിധം അഗാധമായിരിക്കുന്നു. 'കാടിനു ഞാനെന്തു പേരിടും' എന്നുള്ള ആവര്‍ത്തിച്ചുവരുന്ന ചോദ്യത്തിനുത്തരമായി കവി സ്വയം പ്രഖ്യാപിക്കുന്നത് 'കാടിനു ഞാനെന്റെ പേരിടും' എന്നാണ്. ഇതില്‍ അഹങ്കാരവും ധാര്‍ഷ്ട്യവും പ്രണയവും താന്‍പോരിമയുമൊക്കെയുണ്ട്.

കാടും പുഴയും കടലും മലയുമുള്ള കേരളീയ പ്രകൃതിയുടെ ഹരിതമാനസത്തെ കവിതയില്‍ ജ്ഞാനസ്നാനം ചെയ്യിച്ച നിരവധി സന്ദര്‍ഭങ്ങള്‍ വിനയചന്ദ്രന്‍ കവിതകളില്‍ പച്ചപ്പു പടര്‍ത്തുന്നുണ്ട്. കേരളീയതയുടെ സാംസ്കാരികസത്തയെയും സ്വത്വത്തെയും പ്രതിനിധാനം ചെയ്യുംവിധം ഹരിതദര്‍ശനത്തിന്റെ ഒരാത്മീയതയെ വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്തവിധത്തില്‍ തന്റെ കവിതകളില്‍ വിനയചന്ദ്രന്‍ ലയിപ്പിക്കുന്നുണ്ട്. ഇതിനിടയിലേക്കു പലപ്പോഴും ഇരമ്പിവരുന്ന ഗോത്രസ്മരണകളെ കവി പ്രതിരോധിക്കുന്നുമില്ല. ഗോത്രസ്മരണകളെ പ്രകൃതിയുടെ ഹൃദയസ്പന്ദനങ്ങളുമായി       ഇടകലര്‍ത്തുന്നുമുണ്ട് കവി. നാടന്‍പാട്ടിന്റെ വൈവിധ്യമാര്‍ന്ന തിണകളിലാണു ഗോത്രസംസ്കൃതിയുടെ വേരുകള്‍ പടര്‍ന്നുകിടക്കുന്നത്. പുതിയ കാലത്തെ രാഷ്ട്രീയ വ്യവഹാരങ്ങളെ അഭിമുഖീകരിക്കാന്‍ കരുത്താര്‍ജിക്കുംവിധം ഇവയെ കവി പുനര്‍വിന്യസിക്കുന്നുണ്ട്.

പി. കുഞ്ഞിരാമന്‍ നായരുടെ കവിതകളില്‍ പീലി വിടര്‍ത്തുന്ന മയിലാണു പ്രകൃതി. വിനയചന്ദ്രന്റെ കവിതകളില്‍ പ്രകൃതി കരയുന്ന ചെമ്പോത്തും ചിറകടിക്കുന്ന കാക്കയുമാണ്. പ്രകൃതിയുടെ വര്‍ണാഭയേക്കാള്‍ അവഗണിക്കപ്പെടുന്ന ശ്യാമസൌന്ദര്യവും ശബ്ദസൌകുമാര്യത്തേക്കാള്‍ അശ്രീകരമെന്ന മുദ്രചാര്‍ത്തപ്പെട്ട കലമ്പലുകളുമാണു പ്രകൃതിയില്‍നിന്നു കവി കണ്െടടുക്കുന്നത്. ഇതും പ്രകൃതിയുടെ തന്നെ ഒരു ഭാഗമാണെന്ന നിരന്തരബോധത്താല്‍ കവിതയുടെ അകത്തളങ്ങളില്‍ ഈ ശബ്ദത്തെയും നിറത്തെയും കവി പ്രവേശിപ്പിക്കുന്നുണ്ട്:
"ചിങ്ങപ്പുലരികള്‍/പുന്നെല്ലുണക്കിപ്പോയ്
മുടികെട്ടി കണിചൂടി/മേടക്കിളി പാടിപ്പോയ്
അടിവയര്‍ തണുത്തില്ല/മുലക്കണ്ണു കറുത്തില്ല.''

ഈ വിധം പ്രകൃതിയുടെ ഊഷരതയിലേക്കു കണ്ണുപായിക്കുന്ന കവിക്ക് ശംഖിന്റെ ഉള്ളിലിരുന്നു കടല്‍ കാണാനുള്ള ഒരു മൂന്നാംകണ്ണുമുണ്ട്. അളക്കാനാവാത്ത മഴയുടെ ജലമാളികയിലിരുന്നാണു കവി തന്റെ മൂന്നാംകണ്ണിലൂടെ ഈ ലോകത്തെ കാണുന്നത്. നിലാവു വഴുക്കുന്ന നിശാഗന്ധങ്ങളുടെ താളം മറന്ന പടവുകളില്‍ ഗാനവും ഗായകനും കുഴഞ്ഞുവീഴുന്നതുവരെ ഈ കണ്ണു പിന്‍വലിക്കപ്പെടുന്നില്ല.

തന്റെ കവിതകളിലെ വാക്കുകളെക്കുറിച്ചു കവിക്ക് ഒരു സങ്കല്‍പ്പമുണ്ടായിരുന്നു. സമയമാനസം എന്ന കവിതയില്‍ 'വാക്കിന്റെ വെള്ളത്താമരയ്ക്കു വേണ്ടി നാം ഊരുചുറ്റുന്നു' എന്നു കവി 'പൂര്‍വരംഗം' എന്ന പേരില്‍ എഴുതിയ ആമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. പക്ഷേ, ജീവിതത്തിന്റെ രക്തനിലത്തില്‍ പൂത്തുതളിര്‍ത്ത വാക്കിന്റെ വെള്ളത്താമരയെ കവി കവിതയിലേക്കു പറിച്ചുനടുമ്പോള്‍ കണ്ടില്ലെന്നു ഭാവിക്കുന്നവരും കൊണ്ടില്ലെന്നു നടിക്കുന്നവരുമുണ്ട്. നിരൂപണത്തിന്റെ വടിയും വാളുമായി ചാടിപ്പുറപ്പെടുന്നവരുമുണ്ട്. അത്തരക്കാരോടു കവി പറയുന്നത് ശ്രദ്ധിക്കുക:
"സ്റൌ കത്തിച്ച് ഓംലറ്റും കട്ലറ്റും
ശരിപ്പെടുത്തുന്നവര്‍
അമ്മയെയും മകളെയും
കവിയുടെ വാക്കിനെയും
പൊരിച്ചുതിന്നരുത്.''

എന്നിട്ടും മതിയാവുന്നില്ല. കവികള്‍ എഴുതിയതിന്റെ ആത്മാവ് കണ്െടത്തലും വ്യാഖ്യാനിക്കലുമാണു നിരൂപകധര്‍മം. പക്ഷേ, ഈ തിരിച്ചറിവില്ലാത്തവരോടു കവിക്ക് സംവദിക്കാതെ വയ്യ:
"ചൂടുള്ള എണ്ണയില്‍/ പൊട്ടിത്തെറിക്കുന്ന
കടുകുമണികളുടെ ഒച്ചയല്ല/ നിരൂപണം
നീരും പാലും വേര്‍തിരിക്കുന്ന
അരയന്നത്തിന്റെ/ നിശ്ശബ്ദതയാണ്.''
വിനയചന്ദ്രന്റെ കവിതകളിലെ നീരും പാലും ഇനിയും വേണ്ടവിധം വേര്‍തിരിക്കാന്‍ നമുക്കായിട്ടില്ല.

മലയാള കവിതയ്ക്കു വനശോഭ നല്‍കിയ ഈ കവി പ്രപഞ്ചതാളത്തെ, പ്രകൃതിതാളത്തെ കവിതയുടെ ആന്തരസംഗീതമായി കൊണ്ടാടിയ കവി കൂടിയാണ്. കവിതയുടെ ജൈവമണ്ഡലം കേരളീയതയുടെ ക്ഷേത്രബലമുപയോഗിച്ചു വികസിപ്പിക്കാന്‍ ശ്രമിച്ച കവി എന്ന നിലയില്‍ ഡി. വിനയചന്ദ്രന്റെ കവിതകള്‍ കൂടുതല്‍ പഠനങ്ങള്‍ അര്‍ഹിക്കുന്നുണ്ട്. സഞ്ചാരിയായ കവിയായിരുന്നു വിനയചന്ദ്രന്‍. സമസ്തകേരളവും തന്റെയും തന്റെ കവിതകളുടെയും വിലാസപരിധിയാണെന്ന തിരിച്ചറിവും അദ്ദേഹത്തിനുണ്ടായിരുന്നു.

എന്റെ സഹോദരി ഡോ. കെ.കെ. സുലേഖ, ബഷീര്‍ കൃതികളില്‍ ഡോക്ടറേറ്റ് നേടിയത് എം.ജി. യൂനിവേഴ്സിറ്റിയില്‍നിന്നാണ്. അന്നു സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍ വിനയചന്ദ്രന്‍ റീഡറായി പ്രവര്‍ത്തിക്കുകയാണ്. സുലേഖയുടെ ഗവേഷണവഴിയില്‍ പലപ്പോഴും വിനയചന്ദ്രന്‍ സഹായിയായിരുന്നിട്ടുണ്ട്. സുലേഖ വഴിയാണു വിനയചന്ദ്രനെ ഞാന്‍ അടുത്തു പരിചയപ്പെടുന്നത്. ഒരുമിച്ചു നടത്തിയ ചെറിയ ചില യാത്രകള്‍, കവിതയെക്കുറിച്ചുള്ള സംസാരങ്ങള്‍, ഭക്ഷണശാലയിലെ സംഗമങ്ങള്‍ എല്ലാം എന്റെ ഓര്‍മകളിലുണ്ട്. ഒരാദിമസംസ്കൃതിയുടെ വിശുദ്ധിയും ഋതുത്വവും ചില സന്ദര്‍ഭങ്ങളില്‍ അതിന്റെ പാരുഷ്യവും തന്റെ കവിതയിലും ജീവിതത്തിലും ഒരുപോലെ സൂക്ഷിച്ച പച്ചമനുഷ്യനായിരുന്നു വിനയചന്ദ്രന്‍. അദ്ദേഹത്തിന്റെ വേര്‍പാടോടെ നല്ല ഒരു കവിയെയും അതിലുപരി നല്ലൊരു മനുഷ്യനെയുമാണ് നമുക്കു നഷ്ടമായിരിക്കുന്നത്.

0 comments:

Post a Comment