Thu, 24 Jan 2013 23:08:23 +0000
കെ. അഷ്റഫ്
ഇന്ത്യയിലെ നഗരങ്ങള്‍ കൊളോണിയല്‍ ആധുനികതയുടെ സൃഷ്ടിയാണ്. പിന്നീടു ഗ്രാമജീവിതത്തിന്റെ ഉല്‍പ്പന്നമെന്നു കരുതിയ ദേശീയാധുനികതയില്‍ മതവര്‍ഗീയത, ജാതീയത എന്നിവയെ പുറത്താക്കിക്കൊണ്ട് നഗരങ്ങള്‍ ഇന്ത്യക്കു സമ്പൂര്‍ണ മതേതരജീവിതം നല്‍കുമെന്നു പ്രത്യാശിച്ചവരാണ് ഏറെയും. എന്നാല്‍, ഇത്തരം പ്രതീക്ഷകളെ അട്ടിമറിക്കുന്ന നിരവധി ചരിത്രസംഭവങ്ങളില്‍ക്കൂടി പില്‍ക്കാല ഇന്ത്യ കടന്നുപോന്നു. നഗരങ്ങളാണീ ചരിത്രസാഹചര്യത്തെ ഏറെ മികവോടെ പ്രതിഫലിപ്പിച്ചത്. എണ്‍പതുകളിലും തൊണ്ണൂറുകളിലും നടന്ന മിക്ക മുസ്്ലിംവിരുദ്ധ വംശഹത്യകളും വ്യവസായനഗരങ്ങളുടെ ക്രമരാഹിത്യത്തിനകത്താണു നാം കണ്ടത്. മണ്ഡല്‍-മസ്ജിദ്-മാര്‍ക്കറ്റ് കാലഘട്ടമായിരുന്ന എണ്‍പതുകളിലും തൊണ്ണൂറുകളിലും ഇന്ത്യന്‍ നഗരങ്ങളുടെ ജാതിയും മതവും വളരെയെളുപ്പത്തില്‍ വ്യക്തമാവുകയുണ്ടായി. ഇന്ത്യന്‍ നഗരങ്ങളുടെ അപരസാന്നിധ്യമായി മുസ്്ലിം മാറുന്നതിന്റെ വളരെ പ്രകടമായ അടയാളങ്ങളായിരുന്നു ആ കാലഘട്ടങ്ങള്‍. ഇന്ത്യയില്‍ പുകള്‍പെറ്റ വികസനമാതൃക എന്നു കൊട്ടിഘോഷിക്കുന്ന കേരളത്തിലെ മൂന്നു പ്രധാന നഗരങ്ങളായ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ഇവയോടനുബന്ധിച്ച് ബീമാപ്പള്ളി, മട്ടാഞ്ചേരി, ബംഗ്ളാദേശ് കോളനി തുടങ്ങിയ നഗരചേരികള്‍ പ്രകടമായ മുസ്്ലിംസാന്നിധ്യമായി നിലകൊള്ളുന്നു (സവര്‍ണസ്വഭാവം കൈവരിക്കുന്ന സാമൂഹിക ഇടങ്ങള്‍ നിര്‍മിക്കുന്ന അപരസാന്നിധ്യമായി ഈ നഗരങ്ങളെ കുറിച്ചുള്ള ജനപ്രിയ സിനിമാ പ്രതിനിധാനങ്ങള്‍ ഇന്നു വലിയ തോതില്‍ വിമര്‍ശിക്കപ്പെടുന്നുണ്ട്.) ഇങ്ങനെയൊരു സാഹചര്യത്തിലാണ് മുസ്ലിംസ് ഇന്‍ ഇന്ത്യന്‍ സിറ്റീസ്: ട്രജക്റ്ററീസ് ഓഫ് മാര്‍ജിനലൈസേഷന്‍ എന്ന പേരില്‍ ക്രിസ്റഫ് ജഫ്രിലോയും ലൊറാന്‍ ഗെയറും എഡിറ്റ് ചെയ്ത പുസ്തകം (ഹാര്‍പര്‍ കോളിന്‍സ് 2012) ശ്രദ്ധേയമാവുന്നത്. ബാംഗ്ളൂര്‍, മുംബൈ, ഡല്‍ഹി, അഹ്മദാബാദ്, ജയ്പൂര്‍, ലഖ്നോ, അലിഗഡ്, ഭോപ്പാല്‍, കട്ടക്, കോഴിക്കോട് തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങളിലെ മുസ്്ലിം ജീവിതമാണ് ഒരു സംഘം ഗവേഷകര്‍ പഠിക്കുന്നത്. സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ടും രംഗനാഥമിശ്ര കമ്മീഷന്‍ റിപോര്‍ട്ടും വരച്ചുകാട്ടിയ മുസ്്ലിം അരികുവല്‍ക്കരണത്തിന്റെ കഥയില്‍നിന്നാണു നഗരങ്ങളിലെ മുസ്്ലിം ജീവിതം ഇന്ത്യയില്‍ ഗൌരവശ്രദ്ധ പതിഞ്ഞിട്ടില്ലെന്നു വ്യക്തമാക്കുന്നത്. ഇതാണ് ഇങ്ങനെയൊരു പുസ്തകത്തെ സാധ്യമാക്കുന്നത്. മുഗള്‍, കൊളോണിയല്‍, ദേശീയം എന്നീ മൂന്നു കാലഘട്ടങ്ങള്‍ ഇന്ത്യന്‍ നഗരങ്ങളിലെ മുസ്്ലിം ജീവിതത്തിനുള്ളതായി ജഫ്രി ലോയും ഗെയറും ആമുഖത്തില്‍ തന്നെ നിരീക്ഷിക്കുന്നു.
ചില കണക്കുകള്‍
ജഫ്രി ലോയും ഗെയറും നല്‍കുന്നതനുസരിച്ച്, 2001ലെ സെന്‍സസ് പ്രകാരം ഇന്ത്യയില്‍ 35.7 ശതമാനം ആളുകള്‍ നഗരത്തിലാണു താമസിക്കുന്നത്. പാഴ്സികളെയും ജൂതരെയും മാറ്റിനിര്‍ത്തിയാല്‍ മുസ്്ലിംകളാണ് ഇന്ത്യയിലെ ഏറ്റവും വലിയ നഗരവല്‍കൃത ന്യൂനപക്ഷം. മുസ്്ലിംകള്‍ ഇന്ത്യയിലെ ആകെ ജനസംഖ്യയുടെ 13.4 ശതമാനം മാത്രമാണ് ഉള്ളതെങ്കില്‍ നഗരങ്ങളില്‍ മുസ്്ലിം ജനസംഖ്യ 16.9 ശതമാനമാണ്. ഇങ്ങനെ വരുമ്പോള്‍ മുസ്്ലിംകള്‍ ഒരു നഗരകേന്ദ്രീകൃത ന്യൂനപക്ഷമാണ്. ഇങ്ങനെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ശ്രദ്ധേയമായ ഒരു കാര്യം, 1980കളിലും 90കളിലും മുസ്്ലിം നഗരജനസംഖ്യാ ശതമാനം കുത്തനെ താഴുന്നു എന്നതാണ്. കാരണം, 1947നു ശേഷം ഇന്ത്യ കണ്ട മുസ്്ലിംവിരുദ്ധ കലാപങ്ങള്‍ 80കളിലും 90കളിലും നഗരങ്ങളിലാണു നടന്നത്. ഇത് ഒട്ടും വികസിതമല്ലാത്ത ഗ്രാമങ്ങളിലേക്കുള്ള കൂട്ടപ്പലായനത്തിലാണു മുസ്്ലിംകളെ കൊണ്ടുചെന്നെത്തിച്ചത്. സാഹിത്യ-സാംസ്കാരിക സ്ഥാപനങ്ങള്‍ റൊമാന്റിസൈസ് ചെയ്ത “ഗാന്ധിയന്‍ ഗ്രാമീണ ഇന്ത്യ’ എന്ന ജാതിഘടനയ്ക്ക് ഇളക്കം സംഭവിക്കാത്ത ഇടങ്ങളിലാണ് അവര്‍ വന്നു പതിച്ചത്.
തീര്‍ച്ചയായും മറ്റു സമുദായങ്ങളെ അപേക്ഷിച്ച് മുസ്്ലിംകള്‍ ഒരു നഗരവല്‍കൃത സമുദായമാണ്. എന്നാല്‍, ദാരിദ്യ്രത്തിന്റെ തോത് ഗ്രാമത്തിലെ മുസ്്ലിംകളെ അപേക്ഷിച്ച് നഗരത്തിലെ മുസ്്ലിംകള്‍ക്കിടയില്‍ വളരെ കൂടുതലാണ്. 1999-2000 ലെ ദേശീയ സാംപിള്‍ സര്‍വേ പ്രകാരം നഗരത്തിലെ മുസ്്ലിം ദാരിദ്യ്രത്തിന്റെ തോത് ഹിന്ദുക്കളെ അപേക്ഷിച്ച് 15 ശതമാനം കൂടുതലാണ്.
ഗെറ്റോകളില്‍ വസിക്കുന്നവര്‍
ലോകത്തുതന്നെ നഗരത്തിലെ ന്യൂനപക്ഷ സംസ്കാരവുമായി ബന്ധപ്പെട്ടാണ് ‘ഗെറ്റോ’ എന്ന വാക്ക് രൂപപ്പെടുന്നത്. ഇന്ത്യയില്‍ മുസ്്ലിംകളുടെ നഗരജീവിതത്തെ കുറിക്കുന്ന ഒരു പദവും പ്രയോഗവുമാണ് ‘ഗെറ്റോ’ എന്നത്. ഈയിടെ കൊല്‍ക്കത്തയിലെ മുസ്്ലിം ചേരികളെക്കുറിച്ച് പുറത്തിറങ്ങിയ ഒരു പുസ്തകത്തിന്റെ പേരു തന്നെ ഇന്ത്യാസ് മുസ്്ലിം ഗെറ്റോ എന്നാണ്. ഇന്ത്യയില്‍ ഗെറ്റോ എന്ന വാക്കിന്റെ അര്‍ഥം തന്നെ നഗരങ്ങളില്‍ മുസ്ലിംകള്‍ തിങ്ങിത്താമസിക്കുന്ന ഇടമെന്നായി മാറിയിരിക്കുന്നു. മാത്രമല്ല, മുസ്്ലിം ഗെറ്റോ എന്ന പ്രയോഗം രാഷ്ട്രീയവിദഗ്ധരും അക്കാദമീഷ്യന്മാരും മാധ്യമങ്ങളും വലിയ പരിശോധനകളൊന്നുമില്ലാതെ എടുത്തുപയോഗിക്കുന്നുണ്ട്. സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ടില്‍ ഇടതടവില്ലാതെ ഈ വാക്ക് ഒരു മുസ്ലിം പ്രതിനിധാനം എന്ന നിലയില്‍ കണ്ടുവരുന്നുണ്ട്. ഏറ്റവും കൌതുകകരമായ വസ്തുത യഹൂദരുടെ വാസസ്ഥലങ്ങളെന്നു പ്രധാനമായും സൂചിപ്പിച്ചിരുന്ന ഗെറ്റോ എന്ന ഇംഗ്ളീഷ് വാക്കിന് മറ്റിന്ത്യന്‍ ഭാഷകളില്‍ സമാനമായ വിവര്‍ത്തനങ്ങള്‍ വളരെ കുറവാണ്. ഉള്ള വിവര്‍ത്തനങ്ങള്‍ക്ക് അത്ര തീക്ഷ്ണതയുമില്ല. എങ്ങനെയാണ് ഗെറ്റോ എന്ന ഇംഗ്ളീഷ് വാക്ക് നഗരങ്ങളിലെ മുസ്്ലിംജീവിതത്തെക്കുറിക്കുന്ന ഒന്നായി വികസിച്ചതെന്ന സൂചനകളൊന്നും പുസ്തകം നല്‍കുന്നില്ല. എന്നാല്‍, മുസ്്ലിംകളുടെ സങ്കുചിതമനസ്സ്, ദേശവിരുദ്ധത തുടങ്ങിയവ കുറിക്കാന്‍ ഗെറ്റോ മനസ്ഥിതി എന്ന വാക്ക് ഉപയോഗിച്ചുവരുന്നതായി ഗ്രന്ഥകാരന്‍മാര്‍ നിരീക്ഷിക്കുന്നു. ഗെറ്റോ എന്ന വാക്കിന്റെ രൂപീകരണം ഹിന്ദു-മുസ്്ലിം പ്രശ്നം എന്ന നിലയില്‍ കാണാന്‍ എഡിറ്റര്‍മാര്‍ ആവുന്നതു ചെയ്യുന്നുണ്ട്. ഇങ്ങനെയൊരു സമീപനം ഇന്ത്യയുടെ സവിശേഷസന്ദര്‍ഭത്തില്‍ മുസ്്ലിംകള്‍=ആധുനികവിരുദ്ധത=മതേതരവിരുദ്ധത എന്ന വിശകലനത്തിലേക്കു നയിക്കുക എളുപ്പമാണ്. ഗെറ്റോവിനെക്കുറിച്ചുള്ള വിശദമായ അന്വേഷണങ്ങളിലേക്കുള്ള സൂചനകള്‍ പുസ്തകം നല്‍കുന്നു. “ ബലമായി പിന്നിലേക്കു തള്ളപ്പെട്ട, നിഷേധരൂപത്തില്‍ പ്രതിഛായയുള്ള ജനങ്ങള്‍ താമസിക്കുന്ന, വംശപരമായും മതപരമായും ഐകരൂപ്യമുള്ള ഒരിടമാണ് ഗ്രന്ഥകാരന്‍മാര്‍ നിര്‍വചിക്കുന്ന ഗെറ്റോ.(പുറം: 21)
കോഴിക്കോടിനെക്കുറിച്ച്
മലയാളത്തിലെ ഒരു മുന്‍നിര എഴുത്തുകാരന്‍ കോഴിക്കോട് മുസ്്ലിം തീവ്രവാദത്തിന്റെ ഹബ്ബായതിനാല്‍ താനിവിടെ വരാന്‍ ഭയക്കുന്നുവെന്നു പറഞ്ഞിരുന്നു. സവര്‍ണ വീരനായക സിനിമകളില്‍നിന്നു പുറത്തുകടക്കാന്‍ ശ്രമിച്ച ഒരു സിനിമാസംവിധായകന്‍ തന്റെ സാഹിത്യാഭിരുചിയുള്ള നായകനെ കൊല്ലുന്നത് കോഴിക്കോട്ടു നടക്കുന്ന ഒരു ബോംബ് സ്ഫോടനത്തിലൂടെയാണ്. കോഴിക്കോട്ടെ പുസ്തകശാലകള്‍, ഭക്ഷണശാലകള്‍, വസ്ത്രാലയങ്ങള്‍ തുടങ്ങി ലൈംഗികാഭിരുചികള്‍ വരെ ഇങ്ങനെ സവിശേഷമായ സാംസ്കാരിക പോലിസിങിനു വിധേയമാകുന്നുവെന്നു നമുക്കറിയാം. കാരണം, കേരളത്തിലെ മറ്റു നഗരങ്ങളെ അപേക്ഷിച്ച് കോഴിക്കോടിനു കൂടുതലുള്ള, അതിനെ അടയാളപ്പെടുത്താന്‍ കഴിയുന്ന സവിശേഷതയായ മുസ്്ലിം മതപരതയാണ്.
ജഫ്രി ലോയും ഗെയറും ഗ്രന്ഥത്തിലുള്‍പ്പെടുത്തിയ രാധികാ കാഞ്ചനയുടെ പഠനം സമാഹാരത്തിലെ മറ്റു പഠനങ്ങളില്‍നിന്നു മൂന്നു കാരണങ്ങളാല്‍ വേറിട്ടുനില്‍ക്കുന്നു. ഒന്ന്: ഇന്ത്യന്‍ നഗരങ്ങളില്‍ താരതമ്യേന മുസ്്ലിം അന്യവല്‍ക്കരണത്തിന്റെ പതിവുകഥകളില്‍നിന്നു കോഴിക്കോട് വേറിട്ടുനില്‍ക്കുന്നു. രണ്ട്: കോഴിക്കോടിനെക്കുറിച്ചു നേരത്തേ സൂചിപ്പിച്ച വാര്‍പ്പുമാതൃകകളില്‍നിന്നു വിട്ടുനില്‍ക്കാന്‍ ഒരുതരത്തിലും പ്രസ്തുത പഠനത്തിന് സാധിക്കുന്നില്ല. മൂന്ന്: വിശകലനപരമായ പിഴവുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ തന്നെ വസ്തുതകളുടെ കാര്യത്തില്‍ ലേഖനത്തില്‍ പിഴവുകള്‍ ധാരാളമുണ്ട്. ഇവയാവട്ടെ, കേവല മതേതര ഉല്‍ക്കണ്ഠകളും കടന്നു കോഴിക്കോടിനെക്കുറിച്ച് സംഘപരിവാരം രചിക്കുന്ന പ്രൊപഗണ്ടകളുടെ പതിപ്പാണ്. കോഴിക്കോടിനെക്കുറിച്ചുള്ള വിവരണത്തിലെ അപാകതകള്‍ ചൂണ്ടിക്കാണിക്കാന്‍ പ്രസ്തുത പഠനത്തിലെ രണ്ടു കാര്യങ്ങള്‍ പരിശോധിക്കാവുന്നതാണ്. ഇന്ത്യന്‍ നഗരങ്ങളില്‍ മുസ്്ലിം ജീവിതത്തെ കുറിക്കാന്‍ ‘ഗെറ്റോ’ എന്ന പദമാണ് ഉപയോഗിക്കാറുള്ളത്. എന്നാല്‍, കോഴിക്കോട്ടെ മുസ്്ലിം ഗെറ്റൊ ആയി ഈ പഠനം അടയാളപ്പെടുത്തുന്നത് കുറ്റിച്ചിറയാണ്. ഇതിലൂടെ പ്രസ്തുത പ്രദേശം ഉത്തരേന്ത്യന്‍ സാഹചര്യങ്ങളില്‍ രൂപപ്പെട്ട മുസ്്ലിം ഗെറ്റോ ആയി തെറ്റിദ്ധരിക്കപ്പെടുന്നു. ഒരര്‍ഥത്തില്‍ മുസ്്ലിംപ്രശ്നം എന്നത് ഒരു ദേശീയ ഉല്‍ക്കണ്ഠയാവുന്നതിന്റെ ഒരു രീതിയാണിത്. ഇത് പുസ്തകം പൊതുവില്‍ ശ്രദ്ധിക്കുന്ന മുസ്്ലിം ബഹിഷ്കരണം, അരികുവല്‍ക്കരണം തുടങ്ങിയവയെ പരിഹരിക്കുന്ന ഒരു ചട്ടക്കൂടാണോയെന്നത് ഇനിയും ചിന്തിക്കേണ്ടതാണ്.
പ്രസ്തുത പഠനത്തില്‍ തന്നെ കോഴിക്കോടന്‍ മുസ്്ലിംകളുടെ സാര്‍വദേശീയ-പ്രാദേശിക സവിശേഷതകളെക്കുറിച്ച് നിരവധി സൂചനകളുണ്െടങ്കിലും അതൊരു മുഖ്യ ഐഡന്റിഫിക്കേഷനായി ലേഖനം കാണുന്നില്ല. മുസ്ലിം പ്രശ്നം ‘ദേശീയ’ പ്രശ്നമാവുന്നത് 80കളിലും 90കളിലും ശക്തിപ്പെട്ട നവ സവര്‍ണ ഹിന്ദു ദേശീയ ഉല്‍ക്കണ്ഠകളുടെ ഭാഗമായി മുസ്ലിമിനെ ദേശീയമായി നിര്‍മിക്കുന്ന ഒരു പ്രക്രിയയുടെ ഭാഗമായാണ്. മുസ്ലിമിനെ ഒരു ‘ദേശീയപ്രശ്നമായി നിര്‍മിക്കുന്ന സമീപനങ്ങള്‍ ഒരുപരിധിവരെ സഹായിക്കുന്നതു മേല്‍പ്പറഞ്ഞ മേല്‍ക്കോയ്മാ ധാരണകളെയാണ്. മുസ്്ലിമിന്റെ മറ്റു തരത്തിലുള്ള പ്രദേശപരമായ സവിശേഷതകളെ ഗൌരവമായി കണക്കിലെടുക്കുന്ന ഒരു അന്വേഷണരീതി ഇനിയും വികസിച്ചിട്ടുവേണം.
കോഴിക്കോടിനെക്കുറിച്ചുള്ള പഠനം കുറ്റിച്ചിറയില്‍നിന്നു നേരെ വരുന്നത് മാറാട്ടേക്കാണ്. ബംഗ്ളാദേശ് കോളനിയടക്കം കോഴിക്കോടിന്റെ ഭാഗമായുള്ള നഗരസവിശേഷതകളെ ഒട്ടും പരിഗണിക്കാതെ ലേഖിക മാറാട്ടേക്ക് വച്ചുപിടിച്ചതിനു പ്രത്യേകിച്ചൊരു കാരണവും പഠനം ചൂണ്ടിക്കാണിക്കുന്നില്ല. മാറാട്ട് 2002 ജനുവരിയിലും 2003 മെയിലും നടന്ന കൊലപാതകപരമ്പരകളെക്കുറിച്ചു പ്രതിപാദിക്കുന്ന പഠനം ഇതിനു പിന്നില്‍ നാഷനല്‍ ഡവലപ്മെന്റ് ഫ്രണ്ടി (എന്‍.ഡി.എഫ്.)ന്റെ പ്രവര്‍ത്തകരാണെന്നു പറയുന്നു. കോടതികള്‍ക്കോ അന്വേഷണകമ്മീഷനുകള്‍ക്കോ കുറ്റക്കാരായി കണ്െടത്താന്‍ കഴിയാത്ത 62 എന്‍.ഡി.എഫ്. പ്രവര്‍ത്തകരെ പ്രസ്തുത പഠനം കുറ്റക്കാരെന്നു കണ്ട് ജീവപര്യന്തം തടവിനു വിധിക്കുന്നുണ്ട്! മാറാട് കേസിലെ സി.പി.എം, കോണ്‍ഗ്രസ്, ബി.ജെ.പി, മുസ്്ലിംലീഗ് പ്രവര്‍ത്തകരുടെ പങ്കിനെക്കുറിച്ചുള്ള “മതേതര’ മൌനം ഈ പഠനത്തില്‍ പ്രവര്‍ത്തിക്കുന്നതു കാണാം.
മറ്റൊരു കേസായി നല്‍കുന്നത് ലൌജിഹാദാണ്. ലൌജിഹാദിനെക്കുറിച്ചുള്ള വിവരണത്തിലും ഇങ്ങനെയൊരു അട്ടിമറിയുണ്ട്. ഒരു മുസ്ലിം യുവാവുമായി ബന്ധപ്പെട്ട പ്രണയക്കുരുക്കിനെ കുറിച്ച് കോടതിയും ഗവണ്‍മെന്റും നല്‍കിയ റിപോര്‍ട്ടുകള്‍ സമര്‍ഥമായി മറച്ചുവച്ചിരിക്കുന്നു. മാത്രമല്ല, ലൌജിഹാദുമായി ബന്ധപ്പെട്ട് പുകള്‍പെറ്റ ദേശീയപത്രങ്ങള്‍ നടത്തിയ മുസ്്ലിംവിരുദ്ധ കാംപയിന്‍ ഒന്നു പരാമര്‍ശിക്കാന്‍ പോലും പഠനം ധൈര്യം കാണിക്കുന്നില്ല. എന്നാല്‍, വിഷുവിനു പടക്കം പൊട്ടിക്കുന്ന ശബ്ദം പോലും ഇല്ലാതിരുന്ന 2006ലെ കോഴിക്കോട് ഇരട്ടസ്ഫോടനത്തെക്കുറിച്ചു ഉച്ചപ്പത്രങ്ങളെ നാണിപ്പിക്കുന്ന തരത്തിലാണു വിവരണങ്ങളുള്ളത്. ഈ സ്ഫോടനവുമായി ബന്ധപ്പെട്ട് അബ്ദുന്നാസര്‍ മഅ്ദനിയെ ലശ്കറെ ത്വയ്യിബയുമായി ബന്ധപ്പെടുത്തി വന്ന പത്ര റിപോര്‍ട്ടുകളുടെ സ്വാധീനവും ഇവിടെ കാണാന്‍ കഴിയുന്നു. പത്രവാര്‍ത്തകള്‍ക്കും ഊഹങ്ങള്‍ക്കുമപ്പുറം പോവാന്‍ കഴിയാതെ മുസ്്ലിമിനെ സംഭവത്തിന്റെ നിഴലില്‍ നിര്‍ത്തി സംസാരിക്കുന്ന പതിവു “നിഷ്പക്ഷ’ ഗവേഷണമാണിതെന്നു പറയേണ്ടിവരും.
പാര്‍ശ്വവല്‍ക്കരണത്തിന്റെ അവസാനം
ഇന്ത്യന്‍ മുസ്്ലിംകളുടെ നഗരജീവിതത്തെക്കുറിച്ചുള്ള ഈ പഠനം ധാരാളം പിഴവുകളുള്ളതോടൊപ്പം തന്നെ ഭാവി അന്വേഷണത്തിലേക്കു നിരവധി വാതിലുകള്‍ തുറക്കുന്നുമുണ്ട്. പാര്‍ശ്വവല്‍ക്കരണത്തിന്റെ ഇരകള്‍ എന്ന തരത്തില്‍ മാത്രം മുസ്്ലിംകളെ കാണുന്നതിനുപകരം അതില്‍നിന്നു കുതറിമാറുന്ന മുസ്്ലിം രാഷ്ട്രീയാനുഭവങ്ങളെ പുസ്തകം വേണ്ടത്ര പരിഗണിക്കുന്നില്ല. മാത്രമല്ല, അങ്ങനെയുള്ള നവീന രാഷ്ട്രീയ അനുഭവങ്ങളെ സവിശേഷമായി പരിഗണിക്കുന്നതിനു പകരം “തീവ്രവാദം’ പോലുള്ള പതിവു ഫ്രെയിമുകളിലേക്കു പുസ്തകത്തിലെ പല പഠനങ്ങളും വഴുതുന്നുണ്ട്. പുസ്തകത്തിലെ മിക്ക പഠനങ്ങളും വിശകലനാത്മകം എന്നതിലപ്പുറം വിവരണാത്മകമാണ്. സ്ഥിതിവിവരണക്കണക്കുകള്‍, അവയിലൂന്നിയുള്ള വിശകലനങ്ങള്‍, ഇവയില്‍ ശ്രദ്ധിക്കുന്ന പഠനം, പ്രസ്തുത റഫറന്‍സുകളെ തന്നെ സാധ്യമാക്കുന്ന സാമൂഹികതത്ത്വം, പ്രചോദനം എന്നിവയെ അത്രകണ്ടു പരിഗണിക്കുന്നില്ല. ഇന്ത്യയില്‍ മുസ്ലിം എന്ന ഗണം ഭാവന ചെയ്യപ്പെടുന്നതിന്റെ സൂക്ഷ്മ അധികാരങ്ങള്‍ പലപ്പോഴും മുന്‍ സമര്‍പ്പണങ്ങള്‍ റദ്ദു ചെയ്യുന്നു. വളരെയെളുപ്പം സാധ്യമാവുന്ന ഇത്തരം പുസ്തകങ്ങളുടെ മുഖ്യബലഹീനതയും ഇതുതന്നെയാണ്.
Muslims In Indian Cities: Trajectories Of Marginalisation
Edited by Laurent Gayer and christophe Jaffrelot (Harper Collins 2012)
http://www.thejasnews.com/index.jsp?tp=det&det=yes&news_id=20130012417382323&




0 comments:
Post a Comment