ആവിഷ്കാരസ്വാതന്ത്യ്രം ഗള്‍ഫ്നാടുകളില്‍ !!

Wednesday, 20 March 2013

പി കെ നൌഫല്‍
***************

ഭരണഘടനാപരമായി ഏറെ വ്യക്തിസ്വാതന്ത്യ്രം ഉറപ്പുനല്‍കുന്ന മതേതര ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളിലൂടെ രാഷ്ട്രീയനേതാക്കളെ വ്യക്തിഹത്യ നടത്തിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യക്ക് അകത്തും പുറത്തും ജീവിക്കുന്ന മലയാളികള്‍ അടക്കമുള്ളവര്‍ക്കെതിരേ സൈബര്‍ ആക്റ്റ് പ്രകാരം പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത് ദിവസങ്ങള്‍ക്കുമുമ്പാണ്. സൂര്യനെല്ലി പെണ്‍വാണിഭക്കേസുമായി ബന്ധപ്പെടുത്തി ആരോപണവിധേയനായ രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യനെതിരേ ഫേസ്ബുക്കിലൂടെ ആക്ഷേപാര്‍ഹമായ പരാമര്‍ശങ്ങള്‍ നടത്തി എന്നതിന്റെ പേരിലാണ്, പോസ്റ്റിടുകയും ഷെയര്‍ ചെയ്യുകയും ലൈക്ക് ചെയ്യുകയും ചെയ്ത ഇരുനൂറോളം പേര്‍ക്കെതിരേ കേരള പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വീടെന്നു പറഞ്ഞ് ഫേസ്ബുക്കിലൂടെ മറ്റൊരു വ്യക്തിയുടെ വീട് പോസ്റ്റ് ചെയ്തവര്‍ക്കും അതു ഷെയര്‍ ചെയ്തവര്‍ക്കുമെതിരേ പോലിസ് കേസെടുത്തത് രണ്ടുവര്‍ഷം മുമ്പാണ്.

ഹൈന്ദവദൈവമായ സരസ്വതീദേവി അടക്കമുള്ളവരെ നഗ്നരാക്കി ചിത്രീകരിച്ചു എന്നതിന്റെ പേരില്‍ ചിത്രകാരനായ എം എഫ് ഹുസയ്നെതിരേ ഇന്ത്യയില്‍ നിലനില്‍ക്കുന്നത് ഇരുപതില്‍പ്പരം കേസുകള്‍. കേസുകളുടെ ആധിക്യം കാരണം എം എഫ് ഹുസയ്ന്‍ എന്ന വിഖ്യാത കലാകാരന്, പൌരസ്വാതന്ത്യ്രം ഉറപ്പുനല്‍കുന്നുവെന്നു പറയുന്ന ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യം വിട്ട് അന്യരാജ്യത്തേക്കു കുടിയേറിപ്പാര്‍ക്കേണ്ടതായി വന്നു. ശിവലിംഗത്തിന്മേല്‍ കാലു കയറ്റിവയ്ക്കുന്ന ഫോട്ടോ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ച ഒരു വ്യക്തിക്കെതിരേ സൈബര്‍ പോലിസ് കേസെടുത്തതും കഴിഞ്ഞവര്‍ഷമാണ്. ഇന്ത്യയിലെ ഉന്നത രാഷ്ട്രീയനേതാക്കളെ പരാമര്‍ശിക്കുന്ന നിലയ്ക്കുള്ള സിനിമകള്‍ക്ക് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കാറില്ലെന്നതും വാര്‍ത്തകളില്‍ ഇടംപിടിക്കുന്നു. പൌരസ്വാതന്ത്യ്രം മറ്റേതൊരു രാജ്യത്തേക്കാള്‍ ഉറപ്പുനല്‍കുന്ന ഇന്ത്യയിലാണ്, ഇന്ത്യന്‍ രാഷ്ട്രീയനേതാക്കളെ വിമര്‍ശിച്ചു എന്നതിന്റെ പേരിലും രാജ്യത്തെമ്പാടും നഗ്നരായോ അര്‍ധനഗ്നരായോ ക്ഷേത്രങ്ങളിലടക്കം സ്ഥാനംപിടിച്ച ദേവികളുടെ ചിത്രം വരച്ചുവെന്നതിന്റെ പേരിലുമൊക്കെ നിയമനടപടികളുമായി ഭരണകൂടം മുന്നോട്ടുനീങ്ങുന്നത്. മാത്രമല്ല, സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ അടുത്തിടെയാണ് സൈബര്‍ ആക്റ്റ് കൂടുതല്‍ കര്‍ശനമാക്കിക്കൊണ്ടുള്ള പുതിയ നിയമം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നത്.

ഇസ്ലാമിനെയും വിശുദ്ധ ഖുര്‍ആനെയും ഫേസ്ബുക്കിലൂടെ അവഹേളിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് ഇന്ത്യന്‍ പൌരനായ ഒരു വ്യക്തി അദ്ദേഹം ജോലി ചെയ്യുന്ന ഗള്‍ഫ്രാജ്യത്ത് അധികൃതരുടെ നടപടിഭീഷണിക്കു നിഴലിലാണ് കഴിയുന്നത്. ഗള്‍ഫ്രാജ്യങ്ങളില്‍ മതനിന്ദയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന നിയമങ്ങള്‍ അറിയാഞ്ഞിട്ടാണോ അദ്ദേഹം ഇതിന്റെ ഭാഗമായതെന്ന് അറിയില്ല. അതോ, സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ എന്തുമാവാം എന്ന മനോഭാവമാണോ ഇത്തരം പ്രവര്‍ത്തനത്തിന്റെ ഭാഗമാവാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് എന്നും ഉറപ്പില്ല. ഒരു പ്രവാസി ഇന്ത്യക്കാരന്‍ എന്ന നിലയ്ക്കു തീര്‍ത്തും നിര്‍ഭാഗ്യകരമായ സംഭവമാണിത്.

ജാതിമതഭേദമെന്യേ ലോകത്തെമ്പാടുമായി ലക്ഷക്കണക്കിനു മലയാളികളാണ് പുറംനാടുകളില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നത്. അതില്‍ത്തന്നെ ഭൂരിഭാഗവും ഗള്‍ഫ്രാജ്യങ്ങളിലാണ്. ചെറുകിട വ്യാപാരസ്ഥാപനങ്ങള്‍ തുടങ്ങി ഓഫിസുകളിലെ ചെറുതും വലുതുമായ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന മലയാളികളുടെ സാന്നിധ്യം ഇന്നു വന്‍കിട ഷോപ്പിങ് കോംപ്ളക്സില്‍ വരെ എത്തിനില്‍ക്കുന്നു. മുന്‍ഗാമികളായി വന്നു ഗള്‍ഫ്രാജ്യങ്ങളില്‍ ആദ്യകാലത്ത് കുടിയേറിയ മലയാളികള്‍ ഈ നാടിനോടും സമൂഹത്തോടും കാണിച്ച ആത്മാര്‍ഥതയുടെയും ത്യാഗത്തിന്റെയും ഗുണകരമായ നേട്ടംകൂടിയാണ് മറ്റേതൊരു രാജ്യത്തിനുമില്ലാത്ത സ്വാധീനം ഗള്‍ഫ്നാടുകളില്‍ മലയാളികള്‍ക്കു ലഭിക്കുന്നതിന്റെ പ്രധാന കാരണം. എന്നാല്‍, ഈ ഗുണകരമായ നേട്ടങ്ങളുടെ ശോഭ കെടുത്താന്‍ പാകത്തിലുള്ള പ്രവര്‍ത്തനങ്ങളുമായി വലിയൊരു വിഭാഗം മലയാളികള്‍ ഈ നാടുകളില്‍ നിലനില്‍ക്കുന്ന നിയമങ്ങള്‍ക്കു വിരുദ്ധമായി മുന്നോട്ടുപോവുന്നുവെന്നതു കാണാതിരുന്നുകൂടാ. സാമ്പത്തിക വഞ്ചനക്കേസുകളടക്കം ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ നല്ലൊരു പങ്കും മലയാളികളാണെന്നു മനസ്സിലാക്കാം. മയക്കുമരുന്നു കൈവശംവച്ചതിന്റെ പേരില്‍ നിരവധി മലയാളികളാണ് സൌദി ഭരണകൂടത്തിന്‍ കീഴില്‍ വധശിക്ഷയ്ക്കു വിധേയരാക്കപ്പെടുന്നത്. ഇക്കാരണംകൊണ്ടുകൂടിയാവാം, മലയാളികളോടുള്ള തദ്ദേശീയ സമൂഹങ്ങളുടെ നിലപാടുകളിലും മാറ്റങ്ങള്‍ പ്രകടമാണ്. ഇതു പുതിയ തൊഴിലവസരങ്ങളെയും ബാധിച്ചുതുടങ്ങിയിരിക്കുന്നു.

അതേസമയം, ഗള്‍ഫിലെ ഭരണസമ്പ്രദായത്തെക്കുറിച്ചോ ഇവിടെ നിലനില്‍ക്കുന്ന നിയമങ്ങളെക്കുറിച്ചോ പ്രാഥമികവിവരം ഇല്ലാത്തവരല്ല ഈ രാജ്യങ്ങളിലേക്കു കുടിയേറുന്നത് എന്നതു വ്യക്തമാണ്. ആദ്യകാലങ്ങളില്‍നിന്നു വിഭിന്നമായി വിദ്യാസമ്പന്നരായ തൊഴിലന്വേഷകര്‍ തന്നെയാണ് ഗള്‍ഫ്നാടുകളിലേക്ക് ഇപ്പോള്‍ കുടിയേറുന്നത്. ഈ നാടുകളില്‍ നിലനില്‍ക്കുന്നത് രാജഭരണമാണെന്നും ഈ രാജ്യങ്ങള്‍ക്ക് ഔദ്യോഗികമായി തന്നെ മതവും സംസ്കാരവുമൊക്കെയുണ്െടന്നും പകല്‍പോലെ വ്യക്തമാണ്. മാത്രമല്ല, ഔദ്യോഗികമതമായ ഇസ്ലാമിനെയും ഇസ്ലാമികചിഹ്നങ്ങളെയും അപകീര്‍ത്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളും ഈ നാടുകള്‍ നിയമംമൂലം നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്തിട്ടുണ്ട്. സംഘടിക്കാനും പ്രതികരിക്കാനും ആവിഷ്കാരസ്വാതന്ത്യ്രമെന്നു വിശേഷിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുമൊക്കെ ഈ നാടുകളില്‍ നിയന്ത്രണമുണ്ട്. നിയമവിരുദ്ധമായി സംഘടിച്ചുവെന്ന കാരണത്താല്‍ മുസ്ലിം സംഘടനാപ്രവര്‍ത്തകരടക്കം നിരവധി പേര്‍ പല കാലങ്ങളിലായി അധികൃതരുടെ നടപടികള്‍ക്കു വിധേയരായിട്ടുണ്ട്. അത്രയും കര്‍ശനമായ നിയമവ്യവസ്ഥകളാണ് ഈ നാടുകളില്‍ നിലനില്‍ക്കുന്നത്.

എന്നിട്ടും സമീപകാലത്തായി ഗള്‍ഫിലെ മലയാളികള്‍ അടക്കമുള്ളവര്‍ ഈ യാഥാര്‍ഥ്യങ്ങള്‍ക്കു നേരെ കണ്ണടച്ചു നിയമവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നു. സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളാണ് ഇത്തരക്കാരുടെ പ്രധാന താവളം. ആവിഷ്കാരസ്വാതന്ത്യ്രമെന്ന ഓമനപ്പേരിട്ടു വിളിച്ചുകൊണ്ട് ചിലര്‍ ഇസ്ലാമിനും വിശുദ്ധ ഖുര്‍ആനും പ്രവാചകനും പ്രവാചകപത്നിമാര്‍ക്കുമെതിരേ ആക്ഷേപകരമായ ചിത്രങ്ങള്‍, തെറ്റായ വാര്‍ത്തകള്‍- എല്ലാം വ്യാപകമായി ഉല്‍പ്പാദിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. മുസ്ലിംകളുടെ പുണ്യഗേഹമായ മക്കയിലെ വിശുദ്ധ കഅ്ബയ്ക്കു പകരമായി ശിവലിംഗം പ്രതിഷ്ഠിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ക്ക് ലൈക്ക് ചെയ്യാനും ഷെയര്‍ ചെയ്യാനും ഗള്‍ഫില്‍ തൊഴിലെടുക്കുന്നവര്‍ ഏറെ. പ്രവാചകന്‍ പത്നിയായ ആയിശയെ ചെറുപ്രായത്തില്‍ ബലാല്‍സംഗം ചെയ്തുവെന്ന നിലയ്ക്കുള്ള കാര്‍ട്ടൂണുകള്‍ക്കും ഈ നാട്ടിലിരുന്നുകൊണ്ട് പ്രചാരണം നല്‍കുന്നു.

ആവിഷ്കാരസ്വാതന്ത്യ്രം എന്നതു മതചിഹ്നങ്ങളെ, വിശിഷ്യാ ഇസ്ലാമികചിഹ്നങ്ങളെ ഇകഴ്ത്തുകയും ആക്ഷേപിക്കുകയും ചെയ്ത് അവതരിപ്പിക്കുക എന്നതാണെന്ന വികലമായ ഒരു ധാരണ പലരിലും കടന്നുകൂടിയിട്ടുണ്ട്. ഖുര്‍ആന്‍സൂക്തങ്ങള്‍ തെറ്റായി അവതരിപ്പിക്കുക, ലോകമുസ്ലിംകള്‍ക്ക് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്ത പ്രവാചകന്റെ ചിത്രങ്ങളും കാര്‍ട്ടൂണുകളും വരച്ചു പ്രചരിപ്പിക്കുക, പ്രവാചകചരിത്രത്തെയും കുടുംബത്തെയും വികലമായി ചിത്രീകരിക്കുക- ഇതൊക്കെ നേരത്തേ സൂചിപ്പിച്ച ആവിഷ്കാരസ്വാതന്ത്യ്രമെന്ന നിലയ്ക്കാണു പലരും കൊണ്ടുനടക്കുന്നത്. സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളുടെ ഉപയോഗം വ്യാപകമായപ്പോള്‍ സ്വന്തം മനസ്സിലെ മാലിന്യവും പരമതവിദ്വേഷവും പുറത്തുവിടാനുള്ള മാര്‍ഗമായി ഫേസ്ബുക്കും ട്വിറ്ററുമൊക്കെ ദുരുപയോഗം ചെയ്യുന്നു. സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ സജീവമായവരില്‍ യുക്തിവാദികള്‍ എന്ന പേരില്‍ പുറമെ അറിയപ്പെടാന്‍ ആഗ്രഹിക്കുന്നവരും സംഘപരിവാര പ്രവര്‍ത്തകരുമാണ് ഇത്തരം ഫോട്ടോകള്‍ വ്യാപകമായി ഉല്‍പ്പാദിപ്പിക്കുന്നതും ഷെയര്‍ ചെയ്യുന്നതും. കൂടുതല്‍ പോസ്റ്റുകളും വന്നുകൊണ്ടിരിക്കുന്നത് ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്നവരില്‍നിന്നുതന്നെ.

വര്‍ഷങ്ങള്‍ക്കുമുമ്പാണ് ഗള്‍ഫ്നാടുകളില്‍ ഏറ്റവും സ്വാതന്ത്യ്രമുണ്െടന്നു പറയുന്ന ഇമാറാത്തില്‍ വച്ചു കേരളത്തില്‍നിന്നുള്ള തൊഴിലാളികള്‍ ശവംതീനി ഉറുമ്പുകള്‍ എന്ന നാടകം അവതരിപ്പിച്ചതിന്റെ പേരില്‍ ഷാര്‍ജ പോലിസിന്റെ പിടിയിലാവുന്നത്. ഇസ്ലാമിക-ക്രൈസ്തവ ആദര്‍ശങ്ങളെ തരംതാഴ്ത്തുന്ന നിലയ്ക്കുള്ള നിരവധി രംഗങ്ങളുണ്െടന്ന കാരണത്താലാണ് നാടകം അവതരിപ്പിച്ചവരെ ഷാര്‍ജ പോലിസ് അറസ്റ്റ് ചെയ്യുന്നതും നിയമനടപടികള്‍ക്കു വിധേയമാക്കുന്നതും. ആവിഷ്കാരസ്വാതന്ത്യ്രത്തിനെതിരേയുള്ള കടന്നുകയറ്റം എന്നൊക്കെ പറഞ്ഞു പലരും ഈ നടപടിയെ വിമര്‍ശിക്കാന്‍ ശ്രമിച്ചപ്പോള്‍ അധികാരികളില്‍നിന്നടക്കം പലരും എടുത്തുപറഞ്ഞ വിഷയം, തൊഴില്‍ ചെയ്യുക എന്ന ഉദ്ദേശ്യത്തോടുകൂടി മാത്രമാണ് ഗള്‍ഫ്നാടുകളിലേക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതെന്നാണ്. അവിടെ തൊഴില്‍ ചെയ്യാന്‍ പോവുന്നവര്‍ പ്രാഥമികമായി ആ നാട്ടിലെ നിയമങ്ങള്‍ എന്തെന്നു പഠിക്കാന്‍ ശ്രമിക്കുകയും അത് അനുസരിക്കുകയും വേണം. ആവിഷ്കാരസ്വാതന്ത്യ്രം എന്ന പേരില്‍ തൊഴിലെടുക്കുന്ന രാജ്യത്തിന്റെ നിയമങ്ങള്‍ക്കും സംസ്കാരങ്ങള്‍ക്കും വിരുദ്ധമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമാവുന്നവരെ സംരക്ഷിക്കേണ്ട ബാധ്യത ഇന്ത്യന്‍ സര്‍ക്കാരിനില്ല എന്ന നിലയ്ക്കുതന്നെ വ്യക്തമായ മുന്നറിയിപ്പുകള്‍ അധികൃതര്‍ നല്‍കിയിരുന്നതാണ്.

എന്നിട്ടും ഈ മുന്നറിയിപ്പുകളെല്ലാം ലംഘിച്ചുകൊണ്ട് ഗള്‍ഫ്നാടുകളില്‍ ജീവിക്കുന്ന മലയാളികളടക്കം ആ നാടുകളിലെ നിയമത്തിനും സംസ്കാരത്തിനും എതിരേയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പലപ്പോഴും മാറുന്നു. സ്വന്തം രാജ്യത്തിനു സമാനമായ അവകാശങ്ങള്‍(?) തൊഴിലെടുക്കാന്‍ ചെല്ലുന്ന നാടുകളിലും ലഭ്യമാവണമെന്നു വാശിപിടിക്കുന്നത് നിരര്‍ഥകമാണ്. ഓരോ രാജ്യത്തിനും ആ രാജ്യത്തിന്റെ അംഗീകൃത നിയമങ്ങളും ഭരണവ്യവസ്ഥയുമുണ്ടാവും.

അത്തരം നിയമത്തിനും സംസ്കാരത്തിനും കീഴില്‍ തൊഴിലെടുക്കാന്‍ സ്വന്തം മനസ്സാക്ഷി അനുവദിക്കുന്നില്ലെങ്കില്‍ അത്തരം രാജ്യങ്ങളിലേക്കു തൊഴിലെടുക്കാന്‍ പോവാതിരിക്കലാണ് ഉചിതം. ഇന്ത്യയില്‍ തന്നെ പൌരസ്വാതന്ത്യ്രത്തിനു നേരെ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നു നിരന്തരം ഇടപെടലുകള്‍, കൈകടത്തലുകള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു.

രാജ്യത്തെ പൌരന്മാര്‍ നാളിതുവരെ അനുഭവിച്ച അവകാശങ്ങള്‍, വ്യക്തിസ്വാതന്ത്യ്രങ്ങള്‍- എല്ലാം തന്നെ ഓരോന്നായി ഭരണകൂടം കവര്‍ന്നുകൊണ്ടിരിക്കുന്നു. വ്യക്തിസ്വാതന്ത്യ്രത്തിനു നേരെ സ്വന്തം രാജ്യം തന്നെ നിയമനിര്‍മാണങ്ങള്‍ വഴി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ തൊഴിലെടുക്കാന്‍ ചെല്ലുന്ന നാട്ടില്‍ ആവിഷ്കാരസ്വാതന്ത്യ്രത്തിന്റെ പേരില്‍ എന്തും ചെയ്യാമെന്നതു ന്യായീകരിക്കാന്‍ സാധിക്കുന്നതല്ല.

കുറച്ചുപേരുടെ വക്രബുദ്ധിയില്‍ വിരിയുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കാരണം മലയാളികളുടെ തൊഴില്‍സാധ്യതകളെ ബാധിക്കുന്ന നിലയ്ക്ക് അധികൃതര്‍ നടപടികളെടുക്കുകയാണെങ്കില്‍ അതു സ്വന്തം നാടിനോടുകൂടി ചെയ്യുന്ന അപരാധമാണെന്നു പറയാതെ വയ്യ. ആവിഷ്കാരസ്വാതന്ത്യ്രം എന്നതു പരമതവിദ്വേഷം പ്രചരിപ്പിക്കാനുള്ള സ്വാതന്ത്യ്രമല്ലല്ലോ.



http://www.thejasnews.com/index.jsp?tp=det&det=yes&news_id=201302119173718189

0 comments:

Post a Comment