മലബാര്‍ അതിഥിയെ കാത്തിരിക്കുന്നു /മലബാര്‍

Thursday, 21 March 2013


Thu, 24 Jan 2013 22:39:01 +0000

പി.ടി. കുഞ്ഞാലി

  കേരളത്തിന്റെ മറ്റുദേശങ്ങളില്‍നിന്നു മലബാറിനെ വ്യത്യസ്തമാക്കുന്ന നിരവധി സ്വകീയ തനതുകളുണ്ട്. ഇതില്‍ പ്രധാനമാണ് ആതിഥ്യവ്യഗ്രതയും സൌമ്യമര്യാദകളും. ആരെയും മനസ്സറിഞ്ഞ് ഉള്‍ക്കൊള്ളാനും സ്നേഹിക്കാനും തനിക്കുള്ളത് ഉദാരമായി മറ്റുള്ളവര്‍ക്കു നല്‍കാനുമുള്ള സന്നദ്ധത. അഥവാ മലബാറെന്നുമാഗ്രഹിച്ചത് ആതിഥേയനാവാനാണ്. വലിയ സുപ്രയില്‍ വൈവിധ്യമാര്‍ന്ന വിഭവങ്ങളും ഒപ്പം മനസ്സില്‍ വഴിയുന്ന സ്നേഹവുമായി, കയറിവരുന്ന അതിഥിയെയും കാത്തിരിക്കുന്ന ആതിഥേയന്‍. കഴിച്ചുതീരുന്നതുവരെ കൂട്ടിരുന്നു വിഭവങ്ങളും ഒപ്പം സ്നേഹവും വിളമ്പി, വന്നു കയറിയവരുടെ മനസ്സില്‍ കുലീനതയുടെ പത്മപരാഗങ്ങള്‍ വിതറുന്ന ആതിഥേയന്‍. പ്രാരാബ്ധങ്ങളെ പ്രാകിയും സ്വപ്നങ്ങളെ ധ്യാനിച്ചും ചുട്ടുപൊള്ളുന്ന മലമ്പാതകള്‍ താണ്ടി ജീവിതം തള്ളിനീക്കുന്ന സാധുമനുഷ്യര്‍ മറ്റുള്ളവര്‍ക്കുവേണ്ടി എന്നും കാത്തിരുന്നു.
ദാരിദ്യ്രത്തിലും സമാഹരിക്കുന്ന ശുഷ്കമായ വിഭവങ്ങള്‍ കൊണ്ടു മറ്റുള്ളവരെ ഊട്ടാനുള്ള മനസ്സിന്റെ ഉര്‍വരത മലബാറിന്റെ സാംസ്കാരികവും സര്‍ഗാത്മകവുമായ ആവിഷ്കാരങ്ങളില്‍ തുളുമ്പിനിന്നത് അതുകൊണ്ടുതന്നെയാണ്. മാപ്പിളപ്പാട്ടുസമാഹാരങ്ങളിലെ അപ്പത്തരമാലകളും നായാട്ടും സര്‍ക്കീട്ടുകമ്പങ്ങളും ഈ ഉദാര ആതിഥേയത്വത്തിന്റെ തന്നെ പരഭാഗശോഭകളാണ്. സാമൂഹികജീവിതം ഏത് ഇല്ലായ്മകളിലും വല്ലായ്മകളിലും ഉല്‍സവം പോലെ ആഘോഷിച്ചവര്‍ നായാടിക്കിട്ടിയ മൃഗമാംസം കൊണ്ടു സദ്യവട്ടമൊരുക്കി മറ്റുള്ളവര്‍ക്കും പരദേശികള്‍ക്കും മൃഷ്ടാന്നം വിളമ്പി നല്‍കി. സമൃദ്ധമായ ഭക്ഷണവും സ്നേഹമസൃണമായ ഉപചാരങ്ങളും ഏതു വഴിയാത്രക്കാരനും (ഇബ്നുസബീല്‍) മലബാറുകാര്‍ ഒരുക്കിക്കൊടുക്കുന്നു. അതുകൊണ്ടാവാം, മാപ്പിളപ്പാട്ടിലെ വ്യവഹാരമണ്ഡലങ്ങളില്‍ സര്‍ക്കീട്ടുമാലകളും അപ്പത്തരപ്പാട്ടുകളും ആഹ്ളാദകരമായ ഉപലബ്ധങ്ങളാവുന്നത്. ഈയൊരു ജീവിതശൈലിക്കു തീര്‍ച്ചയായും വിശ്വാസപരവും സാമൂഹികശാസ്ത്രപരവുമായ ചില അടിസ്ഥാനങ്ങളുണ്ട്. പൌരാണിക അറേബ്യയുമായി അഗാധവും ഹൃദയഹാരിയുമായ ആത്മബന്ധം വളര്‍ത്തിയെടുത്തത് ഇന്ത്യയില്‍ മലബാര്‍ മാത്രമാണ്.
സുലൈമാന്‍ പ്രവാചകന്റെ കാലത്തുതന്നെ മലബാര്‍ അറേബ്യയുമായി സാംസ്കാരികബന്ധങ്ങള്‍ വികസിപ്പിച്ചിട്ടുണ്ട്. നൂറ്റാണ്ടുകള്‍ പിന്നിട്ടു കഴിഞ്ഞപ്പോള്‍ പടിഞ്ഞാറുനിന്നും മലബാറിലേക്കു കടല്‍പ്പരപ്പിലൂടെ അറേബ്യന്‍ പത്തേമാരികള്‍ അരയന്നങ്ങളെപ്പോലെ പുളച്ചുനീന്തി. സപ്തംബര്‍ മുതല്‍ മെയ് വരെയുള്ള കാലയളവിലാണു കച്ചവടയാത്രകള്‍ സജീവമാവുന്നത്. മണ്‍സൂണ്‍കാലത്തു അവര്‍ ഗ്രാമപാതകളിലും തീരഭൂമികളിലും സഞ്ചരിച്ചു വ്യഞ്ജനങ്ങള്‍ ശേഖരിച്ചു പാണ്ടികശാലകളില്‍ സംഭരിക്കും. അതിദീര്‍ഘമായ ഈ കപ്പലോട്ടക്കാലത്ത് ഉദാരമതികളായ അറേബ്യന്‍ വര്‍ത്തകര്‍ മലബാറിന്റെ സാമൂഹികജീവിതത്തില്‍ ധനാത്മകമായ ഇടപെടലുകള്‍ വികസിപ്പിച്ചു. അവരുടെ ജീവിതവിശുദ്ധിയും ആതിഥ്യമര്യാദകളും ഇവിടത്തെ സാമൂഹികജീവിതത്തിലേക്കു സംക്രമിച്ചു. മലബാറികള്‍ തരംപോലെ അറേബ്യന്‍ തുറമുഖങ്ങളിലേക്ക് അനുയാത്ര ചെയ്തു. തുറമുഖത്തുനിന്ന് അകലെ സ്ഥിതിചെയ്യുന്ന ഗോത്രഗ്രാമങ്ങള്‍പോലും അറബികളുടെ ഉദാരതയനുഭവിച്ചറിഞ്ഞു. ഈ ഇടപഴക്കങ്ങളില്‍ വികസിച്ചതാണു മലബാറിലെ സാമൂഹികജീവിതത്തിന്റെ വിനിമയമണ്ഡലം. അറേബ്യന്‍യാത്രകളില്‍ അനുഭവിച്ച സ്നേഹമര്യാദകള്‍ തന്നെയാണു ചേരമാന്‍കഥയിലും മാലിക് ദീനാറിന്റെ വരവാഘോഷത്തിലും നാം കാണുന്നത്.
അറേബ്യന്‍ സാമൂഹികജീവിതത്തില്‍ ഇസ്ലാമും പ്രവാചകനും സമൂലമായി ഇടപെട്ടപ്പോള്‍ ജനങ്ങള്‍ക്കിടയില്‍ പരസ്പരവിശ്വാസം ഉടലെടുക്കുകയും കുലീനമായ മര്യാദകളും ഉപചാരങ്ങളും രൂപപ്പെടുകയും ചെയ്തു. ശത്രുഗോത്രങ്ങളില്‍ നിന്നുപോലും വരുന്നത് അതിഥിയാണെങ്കില്‍ ആടുകൊറ്റനെ അറുത്തു സദ്യയൊരുക്കുന്നത് അറേബ്യന്‍ ഗോത്രജീവിതത്തില്‍ സാധാരണ സംഭവം മാത്രം. പ്രാചീന അറേബ്യന്‍ നാടോടിപ്പാട്ടുകളിലും പുരാവൃത്തങ്ങളിലും ഈ അത്യുദാരതയുടെ പ്രസരശീര്‍ഷങ്ങള്‍ കാണാം. ആ മഹിതമര്യാദകള്‍ ഇസ്ലാമിന്റെ പ്രമാണങ്ങളാല്‍ സ്ഫുടം ചെയ്യപ്പെട്ടപ്പോള്‍ ആതിഥ്യം വിശ്വാസിക്കു ജീവിതമോക്ഷത്തിനുള്ള മൌലികകാരണങ്ങളില്‍ ഒന്നായി. വിശുദ്ധഖുര്‍ആന്‍ മുന്നോട്ടുവയ്ക്കുന്ന പൊതുജീവിതം ഈയൊരു സ്നിഗ്ധസന്ദര്‍ഭത്തെ പേര്‍ത്തും തോറ്റിപ്പറയുന്നു. ഭക്ഷണവും മറ്റു ജീവിതവിഭവങ്ങളും അടിസ്ഥാനപരമായി നിങ്ങളുടേതല്ലെന്നും അതിന്റെ യഥാര്‍ഥ ഉടമ ദൈവമാണെന്നും താല്‍ക്കാലിക കൈകാര്യം മാത്രമാണു നിങ്ങളുടെ നിയോഗമെന്നുമുള്ള മൂലപാഠത്തില്‍നിന്നാണ് ഇസ്ലാമിന്റെ ആതിഥ്യമര്യാദകള്‍ വികസിക്കുന്നത്. അതുകൊണ്ട് ഏതുതരം നല്‍കലുകളും നിങ്ങളുടെ ഔദാര്യമല്ലെന്നും അത് ആവശ്യക്കാരന്റെ മൌലികമായ അവകാശമാണെന്നും ഇസ്ലാം നിഷ്ഠപ്പെടുത്തുന്നു. ഈയൊരു അനുഷ്ഠാനപരതയാണു മലബാറിലെ ആതിഥ്യവിസ്മയത്തിന്റെ ദിശയും മാര്‍ഗവും നിര്‍ണയിച്ചത്.
ഒട്ടനവധി ലോകസഞ്ചാരികളാണു മലബാറില്‍ വന്നുപോയത്. മെഗസ്തനീസ്, ഇബ്നു ബതൂത്ത, മാര്‍ക്കോപോളോ, ഇബ്നു ഹഖ്, സുലൈമാന്‍, അബ്ദുര്‍റസാഖ്- ഇങ്ങനെ അറിയപ്പെട്ടവരും അല്ലാത്തവരും. തീര്‍ത്തും അജ്ഞാതവും അപരിചിതവുമായ ദുര്‍ഘടപാതകള്‍ താണ്ടിയ അവര്‍ക്കു സുരക്ഷിതത്വവും സുഭിക്ഷതയും നല്‍കിയതു മലബാറിലെ മുസ്ലിം വിശ്വാസപരിസരത്തുനിന്നു വികസിതമായ ആതിഥ്യബോധം തന്നെയാണ്. മലബാറുമായി സൂഫികള്‍ ധാരാളമായി ഇടപഴകിയതായി ചരിത്രത്തില്‍ കാണാം. മറുവിഭാഗങ്ങളിലെ പുണ്യജന്മങ്ങളും സന്ന്യാസിശ്രേഷ്ഠരും പര്‍ണശാലകള്‍ കെട്ടിപ്പാര്‍ക്കുകയും അനുയായികളും ശിഷ്യഗണങ്ങളും ഗുരുവിനെത്തേടി അവിടെയെത്തുകയുമായിരുന്നു. എന്നാല്‍ സൂഫിമാരും ദര്‍വീശുമാരും കേരളത്തിനു നെടുകെയും കുറുകെയും സഞ്ചരിച്ചു. കുന്നോളം പോന്ന ചരക്കുകൂമ്പാരങ്ങളും ചുങ്കപ്പുരകളും വിളക്കുമാടങ്ങളും ചമഞ്ഞുനിന്ന മുസ്രിസില്‍ വന്നിറങ്ങിയ മാലിക് ദീനാറും ഉബൈദുള്ളയും അതുപോലുള്ള നിരവധിപേരും വടക്കന്‍കേരളത്തിലൂടെ സഞ്ചരിച്ചതു മലബാറിന്റെ സ്നേഹവായ്പു കൊണ്ടുതന്നെ.
ഇസ്ലാമിക ക്ഷേമരാഷ്ട്രസങ്കല്‍പ്പത്തില്‍ സഞ്ചാരികളുടെയും വഴിയാത്രക്കാരുടെയും ക്ഷേമവും സുരക്ഷയും അവിഭാജ്യഘടകങ്ങളാണ്. സഞ്ചാരികളും സംഘര്‍ഷഭരിതങ്ങളായ സാഹചര്യങ്ങളില്‍ നിന്നു മാറിനില്‍ക്കേണ്ടിവരുന്ന യാത്രക്കാരും എത്ര ഉന്നതരും പ്രതാപശാലികളുമാണെങ്കിലും ദുര്‍ഘടമാര്‍ഗങ്ങള്‍ താണ്ടി അന്യദേശത്തെത്തുമ്പോള്‍ നിസ്സഹായരും നിരാലംബരുമായിത്തീരുന്നു. അവര്‍ക്ക് അഭയവും ആശ്രയവും നല്‍കാന്‍ തദ്ദേശവാസികള്‍ മതപരമായി ബാധ്യസ്ഥരാണ്. ഭൂമിയില്‍ ആശ്രയമറ്റവര്‍ക്ക് അഭയം നല്‍കുമെന്ന ദൈവികവാഗ്ദാനമാവാം ഉദാരമതികളായ ആതിഥേയരിലൂടെ സഫലീകരിക്കപ്പെടുന്നത്. സകാത്തിന്റെ ഒരു ഭാഗം അവര്‍ക്കായി നീക്കിവയ്ക്കണമെന്നാണു ദൈവകല്‍പ്പന. അതിനു സന്നദ്ധരല്ലാത്തവര്‍ വിശ്വാസികളുടെ സമൂഹത്തില്‍നിന്നു പുറത്താണ്. ദൈവികവ്യവസ്ഥിതിയാണു വിശ്വാസികളില്‍ ഉദാരതയും കനിവും അങ്കുരിപ്പിച്ചത്. ഇസ്ലാമിന്റെ വെള്ളവും വളവും ലഭിച്ചപ്പോഴാണ് ആതിഥ്യം മലബാറില്‍ മഹാവിസ്മയങ്ങള്‍ സൃഷ്ടിച്ചത്. ദാനം ക്ളേശകരമായ ഒരു ആവിഷ്കാരമാണ്. അതിനെ ആഹ്ളാദകരമായ ഒരു അനുഭൂതിയാക്കുകയാണ് ഇസ്ലാം ചെയ്യുന്നത്. വിശ്വാസത്തിന്റെ ഈയൊരു സാക്ഷാല്‍ക്കാരത്തിനായി മലബാറിലെ മുസ്ലിംകള്‍ മല്‍സരിച്ചപ്പോള്‍ ചിലപ്പോഴെങ്കിലും അവര്‍ വഞ്ചിക്കപ്പെട്ടു. മലബാര്‍ മുസ്ലിംസമൂഹത്തിന്റെ ആതിഥ്യം റാഞ്ചാനാണ് ആന്ധ്രയില്‍നിന്നും കര്‍ണാടകയില്‍നിന്നും മറ്റു വിദൂര ഇന്ത്യന്‍ ഗ്രാമങ്ങളില്‍നിന്നുപോലും അധമര്‍ണസംഘങ്ങള്‍ ഇവിടെ വന്നു തമ്പടിക്കുന്നത്. ഇത്തരം പിരിവുസംഘങ്ങള്‍ക്കു മലബാറില്‍നിന്നു ലഭിക്കുന്ന തുകയുടെ നാലിലൊന്നുപോലും കേരളത്തില്‍ ഇതിനേക്കാള്‍ സമ്പന്നമായ പ്രദേശങ്ങളില്‍നിന്നു ലഭിക്കുകയില്ല.
കേരളം മൂന്നു കുടിയേറ്റങ്ങള്‍ അഭിമുഖീകരിച്ചിട്ടുണ്ട്. തിരുവിതാംകൂറില്‍നിന്നു മലബാറിലേക്കുള്ള കുടിയേറ്റം, തെക്കന്‍ കേരളത്തില്‍നിന്നു യൂറോപ്പ്-യു.എസിലേക്കുള്ള  കുടിയേറ്റം. മറ്റൊന്നു മലബാറിന് അധീശത്വമുണ്െടന്നു തോന്നാവുന്ന ഗള്‍ഫ് കുടിയേറ്റം. ഈ പലായനങ്ങളെ വിശകലനവിധേയമാക്കിയാല്‍ മാത്രം മതി മലബാറിന്റെ ആതിഥ്യമര്യാദയുടെ തലം അനാവൃതമാവാന്‍. തിരുവിതാംകൂറില്‍നിന്നു രൂപതകളുടെയും പള്ളികളുടെയും ആശിര്‍വാദത്തോടെ വടക്കോട്ടൊഴുകിയ കുടിയേറ്റക്കാര്‍ മലബാറിന്റെ സ്വകീയമായ ഉദാരതയെയും ആതിഥ്യത്തെയും തന്നെയാണു സമര്‍ഥമായി ഉപയോഗിച്ചത്. ഇത്തരം കുടിയേറ്റക്കാരുടെ ചിലകൌശലങ്ങള്‍ തിരിച്ചറിയാന്‍ മലബാറിലെ ഉദാരമതികള്‍ക്കു കഴിഞ്ഞതുമില്ല. യൂറോപ്പിലേക്കുള്ള കുടിയേറ്റം കേരളീയ പൊതുസമൂഹത്തിനു വമ്പിച്ച നേട്ടങ്ങളൊന്നും പ്രധാനം ചെയ്തില്ല. അവിടെ കുടിയേറിയവരില്‍ പലരും തിരിച്ചുവന്നില്ല. അവര്‍ സ്വന്തം സാംസ്കാരിക വേരുകള്‍ പിഴുതെറിഞ്ഞു. എന്നാല്‍ ഗള്‍ഫ് കുടിയേറ്റം തികച്ചും മറ്റൊരനുഭവമാണ്. വിദ്യാഭ്യാസരംഗത്തു വളരെദൂരം മുന്നോട്ടു പോവാത്തവരാണ് ഗള്‍ഫ് കുടിയേറ്റക്കാരില്‍ അധികവും. ഗള്‍ഫ് കുടിയേറ്റക്കാരാണ് കേരളസംസ്ഥാനത്തിനു ശാന്തിയും സാന്ത്വനവുമായിത്തീര്‍ന്നത്. അവരുടെ അധ്വാനഫലം അവരുടെ ബന്ധുമിത്രാദികള്‍ മാത്രമല്ല, അന്യരും അപരിചിതരുമായ അനേകം വ്യക്തികളും സമൂഹങ്ങളും അനുഭവിക്കുന്നുണ്ട്.
മലബാറിലെ വിഭവസമൃദ്ധമായ നോമ്പുതുറകളും നേര്‍ച്ചയും ആണ്ടും പെരുന്നാളും അതിഥികളെ ഉദാരമായി ഊട്ടുന്ന അസുലഭമുഹൂര്‍ത്തങ്ങള്‍ തന്നെയാണ്. ആശയവിനിമയരംഗത്തും മനുഷ്യബന്ധങ്ങളിലും പ്രവചനാതീതമായ മാറ്റങ്ങള്‍ ദൃശ്യമാണെങ്കിലും മലബാറുകാര്‍ ഈ നല്ല ശീലങ്ങള്‍ കാത്തുപോരുന്നു. വടക്കനെ വീട്ടില്‍ ചെന്നുതന്നെ കാണണമെന്നു പറയാറുണ്ട്. കാര്യം സാധിക്കുന്നതോടൊപ്പം തന്നെ വടക്കന്‍ആഥിത്യം അനുഭവിക്കുകയുമാവാം എന്നാണ് ആ ചൊല്ലിന്റെ സാരം- മലബാറിലെ അമ്മൂമ്മമാര്‍ കുഞ്ഞുങ്ങള്‍ക്കു പറഞ്ഞുകൊടുക്കുന്ന ഒരു സാരോപദേശമുണ്ട്: "മക്കളേ, ഭക്ഷണം മുഴുവനായി നിങ്ങള്‍ കുഴച്ചു വയ്ക്കരുത്. വിരുന്നുകാരാരേലും വരും. അങ്ങനെ വന്നാല്‍ അവരെ ഊട്ടാനായി താമ്പാളത്തില്‍ ഒരുപിടി ചോറ് കരുതിവച്ചേക്കണം.'' മലബാറിന്റെ ആതിഥ്യമര്യാദയുടെ കാവ്യാത്മകമായ ഒരാവിഷ്കാരമാണീ വാക്കുകള്‍.

http://www.thejasnews.com/index.jsp?tp=det&det=yes&news_id=20130012417090137&

0 comments:

Post a Comment